കൊല്ലം: പിതാവിന്റെ ക്രൂര പീഡനത്തിനിരയായി ശരീരമാസകലം ഗുരുതരമായി പൊള്ളലേറ്റ പത്തുവയസ്സുകാരനെ തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൈനാഗപ്പള്ളി സ്വദേശിയായ ബാലനാണ് സംഭവത്തിൽ ഇരയായത്. കുട്ടിയുടെ നെഞ്ച്, വയർ, ഇടത് തുട, പുറംഭാഗം എന്നിവിടങ്ങളിൽ ഗുരുതര പൊള്ളലേറ്റിട്ടുണ്ട്.
കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം നടന്നത്. ചൂടുവെള്ളം വീണ് പൊള്ളലേറ്റതാണെന്ന് പറഞ്ഞ് കുട്ടിയെ അന്നുതന്നെ കൊല്ലം ജില്ലാ ആശുപത്രിയിൽ എത്തിച്ചിരുന്നുവെങ്കിലും പ്രാഥമിക ചികിത്സയ്ക്ക് ശേഷം വീട്ടിലേക്ക് മടക്കിയയച്ചു. എന്നാൽ ചൊവ്വാഴ്ച വീണ്ടും ആശുപത്രിയിലെത്തിച്ചപ്പോഴാണ് പരിക്കുകളുടെ ഗുരുതരാവസ്ഥ ഡോക്ടർമാർ തിരിച്ചറിഞ്ഞത്.
പരിക്കുകളെക്കുറിച്ച് ഡോക്ടർമാർ വിശദമായി ചോദിച്ചപ്പോഴാണ് കുട്ടി പിതാവിന്റെ അതിക്രമത്തെക്കുറിച്ച് വെളിപ്പെടുത്തിയത്. തുടർന്ന് ആശുപത്രി അധികൃതർ ചൈൽഡ് വെൽഫെയർ കമ്മിറ്റിയെ വിവരം അറിയിക്കുകയായിരുന്നു. സിഡബ്ല്യുസിയുടെ അടിയന്തര ഇടപെടലിനെ തുടർന്ന് ശാസ്താംകോട്ട പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
കുട്ടിയുടെ ആരോഗ്യനില പരിഗണിച്ച് വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിലേക്ക് മാറ്റി. അതേസമയം, കുട്ടി സ്വയം ചൂടുള്ള കഞ്ഞിവെള്ളം ദേഹത്തേക്ക് ഒഴിച്ചതാണെന്നാണ് ബന്ധുക്കളുടെ വിശദീകരണം. എന്നാൽ കുട്ടിയുടെ ശരീരത്തിലുള്ള പൊള്ളലുകളുടെ സ്വഭാവം ഈ വാദത്തെ സംശയത്തിന്റെ നിഴലിലാക്കുന്നതാണെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വിലയിരുത്തുന്നത്. സ്വയം ചൂടുവെള്ളം ഒഴിച്ചാൽ ഉണ്ടാകുന്ന തരത്തിലുള്ള പരിക്കുകളല്ല കുട്ടിക്കുള്ളതെന്നാണ് അധികൃതരുടെ പ്രാഥമിക നിഗമനം.






