ഗാങ്ടോക്: സിക്കിമിൽ നിർമ്മാണത്തിലിരുന്ന തുരങ്കത്തിലുണ്ടായ വൻ മണ്ണിടിച്ചിലിൽ എട്ട് പേർ മരിച്ചു. നാംചി ജില്ലയിലെ സമർദുംഗിൽ തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷമാണ് അപകടമുണ്ടായത്. തുരങ്കത്തിന്റെ പ്രവേശന കവാടം പൂർണമായും മണ്ണിനടിയിൽപ്പെട്ടതോടെ നിരവധി തൊഴിലാളികൾ അകത്ത് കുടുങ്ങുകയായിരുന്നു.
തുരങ്കത്തിനുള്ളിൽ മീഥെയ്ൻ വാതക ചോർച്ച ഉണ്ടായതോടെ രക്ഷാപ്രവർത്തനം കൂടുതൽ ദുഷ്കരമായി. സുരക്ഷാ ഉപകരണങ്ങളും ഗ്യാസ് മാസ്കുകളും ഉപയോഗിച്ചാണ് രക്ഷാപ്രവർത്തകർ അകത്തേക്ക് പ്രവേശിച്ച് തൊഴിലാളികളെ കണ്ടെത്താനുള്ള ശ്രമം നടത്തുന്നത്.
മണ്ണിടിച്ചിലിൽ മരിച്ച എട്ട് പേരുടെ മൃതദേഹങ്ങൾ നാംചി, സിംഗ്തം, ഗാങ്ടോക് എന്നിവിടങ്ങളിലെ ആശുപത്രികളിലേക്ക് മാറ്റിയതായി ജില്ലാ ഭരണകൂടം അറിയിച്ചു. കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളുടെ കൃത്യമായ എണ്ണം ഇതുവരെ വ്യക്തമായിട്ടില്ല.
എൻഡിആർഎഫ്, എസ്ഡിആർഎഫ്, സിക്കിം പൊലീസ്, അഗ്നിശമന സേന തുടങ്ങിയ വിവിധ സംഘങ്ങൾ ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. തുരങ്കത്തിനുള്ളിലെ കുറഞ്ഞ കാഴ്ചപരിധിയും ഇടുങ്ങിയ സ്ഥലവും രക്ഷാപ്രവർത്തകർക്ക് വെല്ലുവിളിയാകുന്നുണ്ട്.
തീസ്ത സ്റ്റേജ് VI ജലവൈദ്യുത പദ്ധതിയുടെ ഭാഗമായി എൻഎച്ച്പിസിക്കായി പട്ടേൽ എഞ്ചിനീയറിങ് നിർമ്മിച്ചുകൊണ്ടിരുന്ന തുരങ്കത്തിലാണ് അപകടം ഉണ്ടായത്. കുടുങ്ങിയ തൊഴിലാളികളെ സുരക്ഷിതമായി പുറത്തെത്തിക്കാനാണ് ഇപ്പോൾ പ്രധാന പരിഗണന നൽകുന്നതെന്ന് അധികൃതർ അറിയിച്ചു. സംഭവത്തിൽ പിന്നീട് വിശദമായ അന്വേഷണം നടത്തും.
അപകടസ്ഥലത്ത് അടിയന്തര ചികിത്സയ്ക്കായി ആംബുലൻസുകളും മെഡിക്കൽ സംഘങ്ങളും സജ്ജമാക്കിയിട്ടുണ്ട്. സിക്കിം സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണ്.




