കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറാന്റെ ഡ്രോൺ ആക്രമണം. പ്രധാന ടെർമിനൽ 1-ന് നേരെയാണ് ആക്രമണം ഉണ്ടായതെന്ന് കുവൈത്ത് ടൈംസ് റിപ്പോർട്ട് ചെയ്തു. സംഭവത്തിൽ വലിയ നാശനഷ്ടങ്ങൾ ഉണ്ടായതായും നിരവധി പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്. പരിക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ആക്രമണത്തിന് പിന്നാലെ കുവൈത്ത് ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി അടിയന്തര പ്രവർത്തന പദ്ധതി സജീവമാക്കി.
വിമാന സർവീസുകൾ താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. തുടർ അറിയിപ്പ് ഉണ്ടാകുന്നതുവരെ വിമാനങ്ങളെ മറ്റു വിമാനത്താവളങ്ങളിലേക്ക് തിരിച്ചുവിടുമെന്ന് അധികൃതർ അറിയിച്ചു. സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണെന്നും രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനായി ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും പ്രതിരോധ മന്ത്രാലയം അറിയിച്ചു.
അതേസമയം, പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് അടുത്തിടെ തുറന്ന ടെർമിനൽ 1 വീണ്ടും ബാധിക്കപ്പെട്ടതോടെ യാത്രാ സംവിധാനങ്ങൾ തടസ്സപ്പെട്ടു. കോഴിക്കോട് നിന്ന് കുവൈത്തിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനം പാതിവഴിയിൽ തിരികെ കോഴിക്കോട് വിമാനത്താവളത്തിലേക്ക് തിരിച്ചുവിട്ടതായും റിപ്പോർട്ടുണ്ട്.






