ലോകപ്രശസ്ത ടെലിവിഷൻ സീരീസായ ഗെയിം ഓഫ് ത്രോൺസ്-ലെ അഭിനേതാവും എഴുത്തുകാരനുമായ മൈക്കൽ പാട്രിക് അന്തരിച്ചു. മോട്ടോർ ന്യൂറോൺ ഡിസീസ് (MND) ബാധിതനായി ചികിത്സയിലിരിക്കെയായിരുന്നു മരണം. 35-ാം വയസിലാണ് അദ്ദേഹം അന്തരിച്ചത്.
നോർത്തേൺ അയർലൻഡ് ഹോസ്പീസിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് അന്ത്യം സംഭവിച്ചതെന്ന് ഭാര്യ നവോമി ഷീഹൻ ഇൻസ്റ്റഗ്രാമിലൂടെ അറിയിച്ചു. കഴിഞ്ഞ പത്ത് ദിവസമായി അദ്ദേഹം ഇവിടെ പരിചരണത്തിലായിരുന്നു.
2023 ഫെബ്രുവരി 1-നാണ് അദ്ദേഹത്തിന് രോഗം സ്ഥിരീകരിച്ചത്. പേശികളെ നിയന്ത്രിക്കുന്ന നാഡീകോശങ്ങൾ ക്രമേണ ദുർബലമാകുന്ന ഗുരുതരമായ രോഗമാണ് MND.
ഗെയിം ഓഫ് ത്രോൺസ് സീരീസിൽ വൈൽഡിങ് റൈറ്റർ എന്ന കഥാപാത്രമായാണ് അദ്ദേഹം പ്രത്യക്ഷപ്പെട്ടത്. 2020-ൽ പുറത്തിറങ്ങിയ “My Left Nut” എന്ന സീരീസ് രചിച്ചതും മൈക്കൽ പാട്രിക്കാണ്. കൗമാര അനുഭവങ്ങളെ അടിസ്ഥാനമാക്കിയുള്ള ഈ കൃതിക്ക് നിരവധി പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്.




