ചെന്നൈ: ജനനായകൻ ചിത്രം ചോർന്ന സംഭവത്തിൽ മുന്നറിയിപ്പുമായി നിർമ്മാതാക്കൾ രംഗത്ത്. ചിത്രം ഇന്റർനെറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്യുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നത് ഗുരുതരമായ കുറ്റമാണെന്ന് കെവിഎൻ പ്രൊഡക്ഷൻസ് അറിയിച്ചു.
എക്‌സ്, ഫെയ്‌സ്ബുക്ക്, ഇൻസ്റ്റാഗ്രാം, വാട്ട്‌സ്ആപ്പ്, ടെലിഗ്രാം തുടങ്ങിയ സോഷ്യൽ മീഡിയകളിൽ പൈറേറ്റഡ് ഉള്ളടക്കം പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കുമെന്നും നിർമാതാക്കൾ വ്യക്തമാക്കി. ഇതിനായി നിയമോപദേശകന്റെ മുഖേന നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ടെന്നും ഉത്തരവാദികൾക്കെതിരെ നടപടി ആരംഭിച്ചിട്ടുണ്ടെന്നും അവർ അറിയിച്ചു.
ഇതിനിടെ നടൻ ശിവകാർത്തികേയൻ വിഷയത്തിൽ പ്രതികരിച്ചു. നിരവധി ആളുകളുടെ കഠിനാധ്വാനത്തിന്റെ ഫലമാണ് സിനിമയെന്നും തിയേറ്ററിൽ സിനിമ കാണണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. ഇത്തരം ചോർച്ചകൾക്കെതിരെ കർശന നടപടി വേണമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിലാണ് ചിത്രത്തിന്റെ ഇൻട്രോ സീൻ, ടൈറ്റിൽ കാർഡ്, “ദളപതി കച്ചേരി” പാട്ടിന്റെ ചില ഭാഗങ്ങൾ തുടങ്ങിയവ സോഷ്യൽ മീഡിയയിൽ പ്രചരിക്കാൻ തുടങ്ങിയത്. വിജയ് നായകനായ ചിത്രം 2026 ജനുവരി 9-ന് പൊങ്കൽ റിലീസായി എത്തേണ്ടതായിരുന്നു. എന്നാൽ സെൻസർ ബോർഡിന്റെ സർട്ടിഫിക്കേഷൻ വൈകിയതിനെ തുടർന്ന് റിലീസ് അനിശ്ചിതത്വത്തിലായിരിക്കുകയാണ്.




