കോഴിക്കോട്: വനിത സംവരണ ബിൽ (നാരീശക്തി വന്ദൻ) സ്ത്രീകൾക്ക് രാഷ്ട്രീയ രംഗത്ത് കൂടുതൽ കരുത്ത് നൽകുമെന്ന് കോഴിക്കോട് എൻഡിഎ സ്ഥാനാർഥി നവ്യ ഹരിദാസ് . നിയമസഭയിലും പാർലമെന്റിലും സ്ത്രീകളുടെ പ്രാതിനിധ്യം ഈ ബില്ലിലൂടെ വർധിക്കുമെന്ന് അവർ അഭിപ്രായപ്പെട്ടു.
ഈ നിയമസഭ തെരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ വനിതകൾക്ക് അവസരം നൽകിയത് എൻഡിഎ ആണെന്നും, ബിൽ പുരോഗമനാത്മകമാണെന്നും രാഷ്ട്രീയ രംഗത്ത് പ്രവർത്തിക്കുന്ന സ്ത്രീകൾക്ക് ഏറെ പ്രാധാന്യമുള്ളതാണെന്നും നവ്യ ഹരിദാസ് പറഞ്ഞു. ബിൽ സ്വീകരിച്ച് മഹിള മോർച്ച സംസ്ഥാന വ്യാപകമായി പ്രചാരണം നടത്തുമെന്നും അറിയിച്ചു.
വനിത സംഘടനകൾ മുഴുവൻ ബില്ലിനെ പിന്തുണയ്ക്കണമെന്ന് ആവശ്യപ്പെട്ട നവ്യ, എല്ലാവരുമായി ചർച്ച ചെയ്ത ശേഷമായിരിക്കും കേന്ദ്രം ബിൽ പാസാക്കുക എന്നും പറഞ്ഞു. നിയമസഭയിൽ ബിജെപിക്ക് പ്രാതിനിധ്യം ഉണ്ടാകുമെന്നും കോഴിക്കോട് നോർത്ത് മണ്ഡലത്തിൽ പ്രതീക്ഷയുണ്ടെന്നും അവർ വ്യക്തമാക്കി.
ക്ഷേത്ര സംരക്ഷണ സമിതിയുടെ പേരിൽ നോർത്ത് മണ്ഡലത്തിൽ നോട്ടീസ് വിതരണം ചെയ്ത സംഭവത്തിലും നവ്യ പ്രതികരിച്ചു. എൽഡിഎഫ് മതത്തെ ദുരുപയോഗം ചെയ്തുവെന്നും ഇതിനെതിരെ പരാതി നൽകുമെന്നും അവർ പറഞ്ഞു. ബിജെപി മൂന്നാം മുന്നണിയായി ശക്തമായ സാന്നിധ്യം അറിയിച്ച തെരഞ്ഞെടുപ്പായിരുന്നു ഇതെന്നും, പാർട്ടിക്ക് മികച്ച സ്വീകാര്യത ലഭിച്ചതായും അവർ കൂട്ടിച്ചേർത്തു. വോട്ട് ചെയ്താൽ ബിജെപി ജയിക്കും എന്ന ആത്മവിശ്വാസം ജനങ്ങളിൽ ഉണ്ടെന്നും നവ്യ ഹരിദാസ് പറഞ്ഞു.




