കണ്ണൂർ: പയ്യന്നൂർ എടാട്ടിൽ സ്വർണവ്യാപാരിയെ ആക്രമിച്ച് പണവും സ്വർണവും കവർന്ന കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. ബിജെപി പ്രാദേശിക നേതാവായ അഞ്ചാംപീടിക സ്വദേശി സനു സന്തോഷാണ് അറസ്റ്റിലായത്. മഹാരാഷ്ട്ര സ്വദേശിയായ സ്വർണവ്യാപാരിയെയും കുടുംബത്തെയും ആക്രമിച്ച് 55 ലക്ഷം രൂപയും സ്വർണവും കവർന്ന കേസിലാണ് നടപടി.
കാസർകോട് ഉപ്പളയിൽവെച്ചാണ് വെള്ളിയാഴ്ച വൈകുന്നേരം പ്രതിയെ പിടികൂടിയത്. ആക്രമണത്തിന് ഉപയോഗിച്ച കാറും പോലീസ് കണ്ടെടുത്തു. സംഭവത്തിൽ ഉപയോഗിച്ച മറ്റൊരു വാടക കാറും ചൊക്ലി ഭാഗത്തുനിന്ന് പിന്നീട് കണ്ടെത്തി.
പയ്യന്നൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് കേസ് പുരോഗമിച്ചത്. സ്വർണം കവർച്ച ചെയ്യുന്ന സംഘമാണ് സംഭവത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം.
മഹാരാഷ്ട്ര സ്വദേശികളും തലശ്ശേരിയിൽ സ്വർണക്കട നടത്തുന്നതുമായ കുടുംബമാണ് ആക്രമിക്കപ്പെട്ടത്. ജൂൺ 2-നായിരുന്നു സംഭവം. പയ്യന്നൂർ എടാട്ടിൽവെച്ച് ഇന്നോവ കാറിൽ സഞ്ചരിച്ചിരുന്ന ഇവരുടെ വാഹനം പിന്തുടർന്ന് ആക്രമിക്കുകയായിരുന്നു. കാറിൽ ഉണ്ടായിരുന്നവരെ ഇറക്കി വിട്ട ശേഷം രഹസ്യ അറയിൽ സൂക്ഷിച്ചിരുന്ന സ്വർണവും പണവും കവർന്നതായാണ് വിവരം.
ആക്രമണത്തിന് ശേഷം കാർ തകർത്ത നിലയിൽ പിലാത്തറയ്ക്ക് സമീപം ഉപേക്ഷിച്ചതായും കണ്ടെത്തി. നാല് കാറുകളിലായാണ് അക്രമിസംഘം എത്തിയതെന്ന് പോലീസ് പറയുന്നു. കേസിലെ മറ്റ് പ്രതികളെ കണ്ടെത്തുന്നതിനായി അന്വേഷണം തുടരുകയാണ്.




