കോഴിക്കോട്: കാഫിർ സ്ക്രീൻഷോട്ട് കേസിൽ അന്വേഷണം പുരോഗമിക്കുന്നതായി പ്രത്യേക അന്വേഷണ സംഘം (എസ്ഐടി). അന്വേഷണം ശരിയായ ദിശയിലാണ് നടക്കുന്നതെന്നും അനാവശ്യമായി ആരെയും ചോദ്യം ചെയ്തിട്ടില്ലെന്നും എസ്ഐടി വിലയിരുത്തി. എസ്ഐടിക്കെതിരെ ഡിവൈഎഫ്ഐ മുൻപ് രാഷ്ട്രീയപ്രേരിതമായി അന്വേഷണം നടക്കുന്നതായി ആരോപിച്ചിരുന്നു. എന്നാൽ ഇത്തരം ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് അന്വേഷണ സംഘം വ്യക്തമാക്കുന്നു.
കേസുമായി ബന്ധപ്പെട്ട് പുതിയതായി ഒൻപത് പേരുടെ മൊഴികൾ കൂടി രേഖപ്പെടുത്തി. ഇതിൽ ഡിവൈഎഫ്ഐ വടകര ബ്ലോക്ക് കമ്മിറ്റി പ്രസിഡൻ്റ് റിബേഷ് രാമകൃഷ്ണൻ അടക്കം മൂന്ന് പേർ മുമ്പും ചോദ്യം ചെയ്യപ്പെട്ടവരാണ്. കൂടാതെ ‘വടകര സ്ക്വാഡ്’ വാട്‌സ്ആപ്പ് ഗ്രൂപ്പിന്റെ അഡ്മിന്മാരായ 10 പേരിൽ ആറുപേരെയും ചോദ്യം ചെയ്തു. സ്ക്രീൻഷോട്ടിന്റെ ഉറവിടം കണ്ടെത്തുന്നതിനാണ് ഈ നടപടി.
വ്യാജ കാഫിർ സ്ക്രീൻഷോട്ട് ആദ്യം പങ്കുവെച്ച ഗ്രൂപ്പിന്റെ മറ്റ് അംഗങ്ങൾക്കും ഉടൻ നോട്ടീസ് അയയ്ക്കുമെന്ന് എസ്ഐടി അറിയിച്ചു. 2024 മാർച്ച് 18-നാണ് ‘വടകര സ്ക്വാഡ്’ വാട്‌സ്ആപ്പ് ഗ്രൂപ്പ് രൂപീകരിച്ചതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ലോക്സഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് ഗ്രൂപ്പ് രൂപീകരിച്ചത്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മാധ്യമ പ്രവർത്തനങ്ങൾക്കായാണ് ഗ്രൂപ്പ് തുടങ്ങിയതെന്നും അന്വേഷണ സംഘം പറയുന്നു.
വടകര ബ്ലോക്ക് കമ്മിറ്റിയിലെയും മണ്ഡലം കമ്മിറ്റിയിലെയും ഡിവൈഎഫ്ഐ, സി.പി.എം നേതാക്കളാണ് ഗ്രൂപ്പിലെ അംഗങ്ങളായിരുന്നതെന്നും എസ്ഐടി വ്യക്തമാക്കിയിട്ടുണ്ട്. 2024 ലോക്സഭാ തിരഞ്ഞെടുപ്പ് സമയത്ത് വ്യാപകമായി പ്രചരിച്ച കാഫിർ സ്ക്രീൻഷോട്ട് ആദ്യം ‘വടകര സ്ക്വാഡ്’ ഗ്രൂപ്പിൽ നിന്നാണ് പുറത്തുവന്നത്. പിന്നീട് ഇത് മറ്റൊരു ഗ്രൂപ്പായ ‘റെഡ് എൻകൗണ്ടർ’ വഴി വ്യാപകമായി ഷെയർ ചെയ്യപ്പെട്ടു. സ്ക്രീൻഷോട്ട് നിർമിച്ചത് ആരാണെന്നും പിന്നിലെ പ്രധാന ഉത്തരവാദികൾ ആരാണെന്നും കണ്ടെത്താനുള്ള അന്വേഷണത്തിലാണ് എസ്ഐടി ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.






