ഇടുക്കി: സി.ബി.ഐ. ഉദ്യോഗസ്ഥരായി ചമഞ്ഞ് ചിന്നക്കനാൽ സ്വദേശിയെ തട്ടിക്കൊണ്ടുപോയി പണവും സ്വർണവും കവർന്ന കേസിൽ തമിഴ്നാട്ടിലെ മുൻ പോലീസ് ഉദ്യോഗസ്ഥരുള്പ്പെടെ ആറുപേർ അറസ്റ്റിൽ. ദിണ്ഡിക്കൽ സ്വദേശി നാഗേന്ദ്രൻ, സീലയമ്പട്ടി സ്വദേശി കറുപ്പയ്യ, ഉസിലാമ്പട്ടി സ്വദേശികളായ രാജ്കുമാർ, പൊന്നുച്ചാമി, പെരുങ്കുമനല്ലൂർ സ്വദേശി ജോതിബാസ്, ഗുരുവിലാമ്പട്ടി സ്വദേശി ഭരത് എന്നിവരാണ് പിടിയിലായത്. നാഗേന്ദ്രനും പൊന്നുച്ചാമിയും മുൻ പോലീസ് ഉദ്യോഗസ്ഥരാണെന്ന് അന്വേഷണ സംഘം അറിയിച്ചു.
തേനി ജില്ലയിലെ പഴനിചെട്ടിപ്പട്ടിയിൽ ചൊവ്വാഴ്ചയാണ് സംഭവം നടന്നത്. ഇടുക്കി ചിന്നക്കനാൽ സ്വദേശി പെരുമാൾസാമി സുഹൃത്തിനെ കാണാനെത്തിയപ്പോൾ കാറിലെത്തിയ മൂന്ന് പേർ തങ്ങളെ സി.ബി.ഐ. ഉദ്യോഗസ്ഥരാണെന്ന് പരിചയപ്പെടുത്തി ചോദ്യം ചെയ്യലിനായി കൂടെ വരണമെന്ന് ആവശ്യപ്പെട്ടു. യാത്രയ്ക്കിടെ മറ്റ് മൂന്ന് പേരും വാഹനത്തിൽ കയറിയതായാണ് വിവരം.
തുടർന്ന് പെരുമാൾസാമിയുടെ കൈവശമുണ്ടായിരുന്ന 2.63 ലക്ഷം രൂപ, ഒരു പവൻ സ്വർണമാല, ലാപ്ടോപ്പ്, രണ്ട് മൊബൈൽ ഫോണുകൾ എന്നിവ സംഘം കൈക്കലാക്കി. പിന്നീട് തേനി–കൂനൂർ ടോൾഗേറ്റിന് സമീപം ഇറക്കിവിട്ട ശേഷമാണ് പ്രതികൾ കടന്നുകളഞ്ഞത്.
പെരുമാൾസാമിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ആറുപേരും അറസ്റ്റിലായത്. കുറ്റകൃത്യങ്ങളിൽ പങ്കുണ്ടെന്ന കണ്ടെത്തലിനെ തുടർന്ന് നാഗേന്ദ്രനെയും പൊന്നുച്ചാമിയെയും നേരത്തെ പോലീസ് സർവീസിൽ നിന്ന് പുറത്താക്കിയിരുന്നുവെന്നും അന്വേഷണ സംഘം വ്യക്തമാക്കി. ഇവർ ഇറിഡിയം തട്ടിപ്പ് കേസുകളുമായി ബന്ധപ്പെട്ട സംഘങ്ങളിലും ഉൾപ്പെട്ടിരുന്നുവെന്നാണ് പോലീസിന്റെ കണ്ടെത്തൽ.
പ്രതികളിലൊരാളായ കറുപ്പയ്യയ്ക്ക് പെരുമാൾസാമിയുമായി മുൻപരിചയമുണ്ടായിരുന്നുവെന്നും, അതുവഴിയാണ് ഇയാളെ ലക്ഷ്യമിട്ട് തട്ടിക്കൊണ്ടുപോകൽ ആസൂത്രണം ചെയ്തതെന്നും പോലീസ് അറിയിച്ചു.




