മനാമ: കടബാധ്യതയുള്ള വിദേശികൾക്ക് ഏർപ്പെടുത്തുന്ന യാത്രാവിലക്ക് കാലപരിധിയില്ലാതെ നീട്ടാൻ അനുമതി നൽകുന്ന ഭേദഗതി ചർച്ച ചെയ്യാൻ ബഹ്‌റൈൻ പാർലമെന്റ് ഒരുങ്ങുന്നു. സിവിൽ–കൊമേഴ്‌സ്യൽ നിയമത്തിലെ ആർട്ടിക്കിൾ 40-ൽ മാറ്റം വരുത്തുന്ന രണ്ട് കരട് ബില്ലുകളാണ് പരിഗണനയ്ക്ക് വരുന്നത്.
നിലവിലെ നിയമപ്രകാരം, ഒരു വ്യക്തിക്ക് മൂന്ന് മാസത്തേക്ക് യാത്രാവിലക്ക് ഏർപ്പെടുത്തുകയും അത് പരമാവധി മൂന്ന് തവണ പുതുക്കുകയും ചെയ്യാനാണ് കോടതി അധികാരം. എന്നാൽ പുതിയ ഭേദഗതി പ്രകാരം, യാത്രാവിലക്കിന് കാരണമായ സാഹചര്യങ്ങൾ തുടരുന്നിടത്തോളം അത് അനിശ്ചിതകാലത്തേക്ക് പുതുക്കാൻ ജഡ്ജിക്ക് അധികാരം ലഭിക്കും. ഇതിന് പ്രത്യേക ഫീസ് ഈടാക്കില്ലെന്നും നിർദ്ദേശിക്കുന്നു.
യാത്രാവിലക്ക് നിലവിലുണ്ടെങ്കിലും, ഒരു പ്രവാസിയെ നാടുകടത്താൻ കോടതി ഉത്തരവുണ്ടെങ്കിൽ അത് നടപ്പാക്കുന്നതിന് തടസ്സമാകില്ല. രാജ്യസുരക്ഷയോ പൊതുതാൽപര്യമോ പരിഗണിച്ച് വിദേശികളോട് രാജ്യം വിടാൻ ആവശ്യപ്പെടുന്ന സാഹചര്യങ്ങളിലും ഈ വ്യവസ്ഥ ബാധകമാകും.
കടം അടയ്ക്കാനുള്ള ശേഷിയുണ്ടായിട്ടും സ്വത്ത് വിവരങ്ങൾ മറച്ചുവയ്ക്കുകയോ തെറ്റായ വിവരങ്ങൾ നൽകുകയോ ചെയ്യുന്നവർക്കെതിരെ ക്രിമിനൽ അന്വേഷണം ആരംഭിക്കാനും ഭേദഗതി നിർദേശിക്കുന്നു. ഇത് നീതിനടപടികളെ തടസ്സപ്പെടുത്തുന്ന ഗുരുതര കുറ്റമായി കണക്കാക്കും.
കടബാധ്യതയുള്ളവർ നിയമത്തിലെ പോരായ്മകൾ ഉപയോഗിച്ച് രാജ്യം വിടുന്നത് തടയുകയും കടം നൽകിയവരുടെ അവകാശങ്ങൾ സംരക്ഷിക്കുകയും ചെയ്യുക എന്നതാണ് ഭേദഗതിയുടെ ലക്ഷ്യം. നിയമം പാസായാൽ ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ച് ആറുമാസത്തിന് ശേഷം പ്രാബല്യത്തിൽ വരും.




