മുംബൈ: ഇന്ത്യന്‍ സംഗീതത്തിന്റെ വിസ്മയമായിരുന്ന ഗായിക ആശാ ഭോസ്ലെ വിടവാങ്ങിയിരിക്കുകയാണ്. ലത മങ്കേഷ്‌കറുടെ പിന്‍ഗാമിയായി ബോളിവുഡിലെത്തിയ അവര്‍ പിന്നീട് തന്റേതായ ഇടത്തിലൂടെ ഇതിഹാസമാവുകയായിരുന്നു. ഒപി നയ്യാര്‍, ബോംബൈ രവി, എസ്ഡി.ബര്‍മന്‍, ആര്‍ഡി ബര്‍മന്‍, ഇളയരാജ, റഹ്‌മാന്‍, ജയ്ദേവ്, ശങ്കര്‍-ജയ്കിഷന്‍, അനുമാലിക്ക് തുടങ്ങിയ പ്രശസ്തരായ സംഗീതസംവിധായകരുടെ ഈണങ്ങള്‍ക്ക് ശബ്ദം നല്‍കിയിട്ടുണ്ട്.
മറാഠി നാടക നടനും ഗായകനുമായിരുന്ന ദീനനാഥ് മങ്കേഷ്‌കറുടെയും ശുദ്ധമാതിയുടേയും മകളായി ഇന്‍ഡോറിലാണ് ആശ ജനിച്ചത്. ലതാ മങ്കേഷ്‌കര്‍, ഹൃദ്യനാഥ് മങ്കേഷ്‌കര്‍, ഉഷാ മങ്കേഷ്‌കര്‍, മീനാ മങ്കേഷ്‌കര്‍ എന്നിവരാണ് സഹോദരങ്ങള്‍. ആശയും ലതയും അച്ഛന്റെ ശിക്ഷണത്തിലായിരുന്നു സംഗീതത്തിന്റെ ആദ്യാക്ഷരങ്ങള്‍ പഠിച്ചത്. 1943 ല്‍ മജാബാല്‍ എന്ന മറാഠി ചിത്രത്തിലെ ‘ചലാ ചലാ നവ്ബാല’ എന്ന ഗാനം പാടിക്കൊണ്ട് പിന്നണി ഗാനരംഗത്തേക്ക് കാലെടുത്ത് വെച്ചു.
1956ല്‍ സിഐഡി എന്ന ചിത്രത്തില്‍ ഒ.പി.നയ്യാറിന്റെ സംഗീതസംവിധാനത്തിന് കീഴില്‍ പാടിയതാണ് ആശയുടെ സംഗീത ജീവിതത്തില്‍ വഴിത്തിരിവായത്. പിന്നീട് 1974ല്‍ പിരിയുന്നത് വരെ ഹൗറ ബ്രിഡ്ജ്, കശ്മീര്‍ കി കലി, തുംസാ നഹി ദേഖാ, ഏക് മുസാഫിര്‍ ഏക് ഹസീന, മേരെ സനം എന്നിവയിലൂടെ ഈ ജോഡി ബോളിവുഡിന് എക്കാലവും ഓര്‍ക്കാവുന്ന ഹിറ്റുകള്‍ സമ്മാനിച്ചു. ബിആര്‍ ബാനറിന്റെ പ്രമുഖ ചിത്രങ്ങളിലെല്ലാം പാടാന്‍ ആശയ്ക്ക് അവസരം ലഭിച്ചത് സത്യത്തില്‍ സംഗീത ലോകത്തിന് കൂടി ലഭിച്ച ഭാഗ്യമായിരുന്നു. 1966 ല്‍ പുറത്തിറങ്ങിയ തീസിരി മന്‍സിലില്‍ പാടിക്കൊണ്ടായിരുന്നു ആശാ ഭോസ്ലെ – ആര്‍.ഡി.ബര്‍മന്‍ കൂട്ടുകെട്ടിന്റെ തുടക്കം. പിന്നീട് ആര്‍.ഡി.ബര്‍മന്റെ പ്രിയപ്പെട്ട ഗായികയായി മാറിയത് മറ്റൊരു ഇതിഹാസത്തിന്റെ തുടക്കം. ആര്‍ഡി ബര്‍മന്റെ കീഴിലാണ് ആശ ഒരു സമ്പൂര്‍ണ ഗായികയായി വളരുന്നത്. ആ കൂട്ടുകെട്ട് പിന്നീട് ഇവരുടെ വിവാഹം വരെ എത്തി.
പ്രതിഭയ്ക്ക് അംഗീകാരമായി ധാരാളം പുരസ്‌കാരങ്ങളും തേടിയെത്തി. ഗ്രാമിയിലേക്ക് നാമനിര്‍ദേശം ചെയ്യപ്പെട്ട ആദ്യ ഇന്ത്യക്കാരിയാണ് ആശാ ഭോസ്ലെ. 2000ല്‍ ദാദാ സാഹിബ് ഫാല്‍ക്കെ പുരസ്‌കാരവും 2008ല്‍ പത്മവിഭൂഷണും നല്‍കി രാജ്യം ആദരിച്ചു. 20 ഭാഷകളിലായി പതിനായിരത്തിലധികം പാട്ടുകള്‍ ആശ പാടിയിട്ടുണ്ട്.
ആറ് പതിറ്റാണ്ടിലധികം നീണ്ടുനിന്ന സംഗീത സപര്യയിലൂടെ ഇന്ത്യന്‍ സിനിമയുടെ ശബ്ദമായി മാറിയ ആശാ ഭോസ്ലെ ഒരു യുഗത്തിന്റെ അടയാളം കൂടിയാണ്. വൈവിധ്യമാര്‍ന്ന ആലാപന ശൈലിയിലൂടെയും ശബ്ദത്തിലെ മാസ്മരികതയിലൂടെയും ക്ലാസിക്കല്‍ ഗാനങ്ങള്‍ മുതല്‍ വെസ്റ്റേണ്‍ പോപ്പ് വരെ അവര്‍ അനായാസം കൈകാര്യം ചെയ്തു. സഹോദരി ലതാ മങ്കേഷ്‌കറുടെ നിഴലില്‍ ഒതുങ്ങാതെ, സ്വന്തം പരിശ്രമത്തിലൂടെയും പ്രതിഭയിലൂടെയും അവര്‍ കെട്ടിപ്പടുത്ത സാമ്രാജ്യം എക്കാലവും അങ്ങനെ തന്നെ വീഴാതെ നിലനില്‍ക്കും. ആ സ്വരം മാത്രമാണ് നിലച്ചത്. ആയിരക്കണക്കിന് ഗാനങ്ങളിലൂടെയും ആരാധകരുടെ ഹൃദയതാളങ്ങളിലൂടെയും ആശാ ഭോസ്ലെ എന്ന ഇതിഹാസം അനശ്വരമായി തന്നെ നിലനില്‍ക്കും.




