ആലപ്പുഴ: അപകടത്തിൽ പരിക്കേറ്റ യുവതിയെ ആശുപത്രിയിൽ എത്തിക്കുന്നതിനിടെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ പോലീസ് അന്വേഷണം ശക്തമാക്കി. കേസിലെ പ്രതിയായ കേരള വ്യാപാരി വ്യവസായി ഏകോപനസമിതി യൂണിറ്റ് പ്രസിഡന്റ് സിനിൽ സബാദിനെതിരെ കൂടുതൽ നടപടികൾ പുരോഗമിക്കുകയാണ്.
യുവതിയുടെ മൊഴിയിൽ ഉണ്ടായ പൊരുത്തക്കേടുകൾ പരിശോധിക്കുന്നതിനായി ചൊവ്വാഴ്ച വീണ്ടും മൊഴിയെടുക്കും. യുവതിയെ ചികിത്സിച്ച ഡോക്ടർ, സംഭവസമയത്ത് സ്ഥലത്തുണ്ടായിരുന്നവർ എന്നിവരുടെയും മൊഴികൾ വീണ്ടും രേഖപ്പെടുത്തും. അന്വേഷണച്ചുമതല കായംകുളം ഡിവൈ.എസ്.പി. ടി. ബിനുകുമാറിന് കൈമാറിയതായി ജില്ലാ പോലീസ് മേധാവി അറിയിച്ചു.
ഏപ്രിൽ മൂന്നിന് രാത്രി കെ.പി.എ.സി. ജങ്ഷനിൽ നടന്ന അപകടത്തിലാണ് കൊല്ലം സ്വദേശിനിയായ യുവതിക്കും കുടുംബത്തിനും പരിക്കേറ്റത്. മലയാറ്റൂർ തീർഥാടനത്തിൽ നിന്ന് മടങ്ങുന്നതിനിടെയാണ് ഇവർ സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷ ഡിവൈഡറിൽ ഇടിച്ച് മറിഞ്ഞത്. തുടർന്ന് സ്ഥലത്തെത്തിയ സിനിൽ സബാദ് യുവതിയെ ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതി.
അപകടത്തിന് പിന്നാലെ യുവതി കായംകുളം താലൂക്കാശുപത്രിയിൽ രണ്ടുതവണ ചികിത്സ തേടിയതായും പോലീസ് വ്യക്തമാക്കി. രണ്ടാം സന്ദർശനത്തിലാണ് ലൈംഗികാതിക്രമത്തെക്കുറിച്ച് യുവതി ഡോക്ടറോട് അറിയിച്ചത്. തുടർന്ന് പോലീസ് കേസ് രജിസ്റ്റർ ചെയ്തു.
ഭാരതീയ ന്യായസംഹിതയിലെ ബന്ധപ്പെട്ട വകുപ്പുകൾ പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. അതേസമയം, പ്രതിയെ നോട്ടീസ് നൽകി വിട്ടയച്ചതിനെതിരെ വിമർശനമുയർന്നിരുന്നു. സംഭവത്തിൽ 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷനും നിർദേശം നൽകിയിട്ടുണ്ട്.




