ടെഹ്റാൻ: ഇസ്ലാമാബാദിൽ നടന്ന ചർച്ചകൾ പരാജയപ്പെട്ടതിന് പിന്നാലെ ഹോർമുസ് കടലിടുക്കിലൂടെ കപ്പൽ ഗതാഗതം തടയാമെന്ന അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മുന്നറിയിപ്പിന് ഇറാന്റെ ശക്തമായ പ്രതികരണം. ഹോർമുസിൽ നിയന്ത്രണം ഏർപ്പെടുത്തിയാൽ ചെങ്കടലിലെ ബാബ് അൽ മന്ദബ് കടലിടുക്ക് ലക്ഷ്യമിട്ട് തിരിച്ചടി നൽകുമെന്ന സൂചനയാണ് ഇറാൻ നൽകുന്നത്.
ബാബ് അൽ മന്ദബ് കടലിടുക്ക് അടയ്ക്കുമെന്ന് ഇറാൻ നേരത്തെയും മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിലൂടെ മേഖലയിലെ കപ്പൽ ഗതാഗതം വലിയ രീതിയിൽ ബാധിക്കപ്പെടാമെന്ന ആശങ്ക അന്താരാഷ്ട്ര തലത്തിൽ ഉയരുകയാണ്.
ചെങ്കടലിൽ ഹൂതി വിമതരും അമേരിക്കയും തമ്മിലുണ്ടായിരുന്ന സംഘർഷം അടുത്തിടെ ശമിച്ചതിനിടെ ഇറാന്റെ പുതിയ നിലപാട് സുരക്ഷാ സാഹചര്യങ്ങളെ വീണ്ടും സങ്കീർണ്ണമാക്കുന്നു. ഹോർമുസിന് പകരമായി ബാബ് അൽ മന്ദബ് തടയാനുള്ള നീക്കം ചെങ്കടൽ മേഖലയിലെ ഗതാഗതത്തിന് വെല്ലുവിളിയാകും.
ഇതിനിടെ, കപ്പലുകളിൽ നിന്ന് ഇറാൻ പണം ഈടാക്കുന്നത് തടയാൻ ഹോർമുസിലേക്ക് കപ്പലുകൾ പ്രവേശിക്കുന്നത് തന്നെ തടയാമെന്നതാണ് അമേരിക്കയുടെ നിലപാട്. ഇരു രാജ്യങ്ങളും തമ്മിലുള്ള വാക്ക്‌പോര് ശക്തമാകുന്നതോടെ പശ്ചിമേഷ്യയിൽ പുതിയ സംഘർഷ സാധ്യതകൾ ഉയരുന്നതായി വിലയിരുത്തപ്പെടുന്നു.




