വാഷിങ്ടൺ: വെടിനിർത്തൽ കാലാവധി അവസാനിക്കുന്നതിന് മുമ്പ് യുഎസും ഇറാനും തമ്മിൽ വീണ്ടും ചർച്ചകൾ നടക്കാൻ സാധ്യതയെന്ന് റിപ്പോർട്ട്. ഇസ്‌ലാമാബാദിൽ നടന്ന മുൻചർച്ച കരാറിലേക്കെത്താതെ പിരിഞ്ഞെങ്കിലും, ഏപ്രിൽ 21-ന് മുമ്പ് പുതിയ ചർച്ചയ്ക്ക് ശ്രമം തുടരുകയാണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ അറിയിച്ചു.
ഇറാൻ ചില നിബന്ധനകൾ അംഗീകരിക്കാൻ തയ്യാറാണെങ്കിൽ ചർച്ചയ്ക്ക് തുറന്ന മനസ്സാണെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് വ്യക്തമാക്കിയതായി റിപ്പോർട്ടുണ്ട്. ജനീവയിലോ ഇസ്‌ലാമാബാദിലോ വ്യാഴാഴ്ച ചർച്ച നടത്താനുള്ള സാധ്യതയും പരിശോധിക്കുന്നതായി സൂചന.
ഇസ്‌ലാമാബാദിലെ ചർച്ചകൾ പൂർണ പരാജയമല്ലെന്നും ചില വിഷയങ്ങളിൽ ഇറാൻ അനുകൂല നിലപാട് സ്വീകരിച്ചതായും യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് വ്യക്തമാക്കി. എന്നാൽ സമ്പൂർണ ധാരണയിലെത്താൻ ആവശ്യമായ വിട്ടുവീഴ്ചകൾ ഇറാൻ നടത്തിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
21 മണിക്കൂർ നീണ്ട ചർച്ചയിൽ ഹോർമുസ് കടലിടുക്ക് തുറക്കൽ, ഇറാന്റെ ആണവ പദ്ധതി, രാജ്യാന്തര ഉപരോധങ്ങൾ തുടങ്ങിയ പ്രധാന വിഷയങ്ങൾ ചർച്ചയായെങ്കിലും, നിർണായക വിഷയങ്ങളിൽ ഭിന്നത തുടർന്നു. ആണവ പദ്ധതി ദീർഘകാലത്തേക്ക് മരവിപ്പിക്കണമെന്ന യുഎസ് ആവശ്യം ഇറാൻ അംഗീകരിച്ചില്ലെന്നാണ് റിപ്പോർട്ട്.
താൽക്കാലിക വെടിനിർത്തൽ അവസാനിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ, പുതിയ ചർച്ചകൾ ഫലം കണ്ടില്ലെങ്കിൽ മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുമെന്ന ആശങ്ക ഉയരുന്നു.




