തിരുവനന്തപുരം: സംസ്ഥാനത്ത് വേനലും ചൂടും കനത്തതോടെ വൈദ്യുതി ഉപഭോഗം സർവ്വകാല റെക്കോർഡിലേക്ക്. ചരിത്രത്തിലാദ്യമായി വൈകുന്നേരത്തെ വൈദ്യുതി ആവശ്യം 5933 മെഗാവാട്ട് ആയി ഉയർന്നു. ഇന്നലെ മാത്രം സംസ്ഥാനത്ത് ഉപയോഗിച്ചത് 112.16 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ്. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണിത്.
വൈകുന്നേരത്തെ പീക്ക് സമയത്തെ (Peak Hour) ഉപഭോഗം 5933 മെഗാവാട്ടിൽ എത്തിയതിന് പിന്നിൽ വേനൽ ചൂട് അസഹനീയമായി തുടരുന്നതും എസി, കൂളർ തുടങ്ങിയ ഉപകരണങ്ങളുടെ അമിത ഉപയോഗവുമാണ് കാരണമായത്. അടുത്ത രണ്ടാഴ്ച്ചയും ഇത്തരത്തിൽ ഉഷ്ണതരംഗം പ്രവചിക്കുന്നുണ്ട് എന്നതിനാൽ വൈദ്യുതി ഉപയോഗം ഇനിയും റെക്കോർഡുകൾ ഭേദിച്ചേക്കാം.
വൈദ്യുതി പ്രതിസന്ധി ഒഴിവാക്കാൻ ഉപഭോക്താക്കൾ പീക്ക് സമയങ്ങളിൽ (വൈകുന്നേരം 6 മുതൽ രാത്രി 11 വരെ) വൈദ്യുതി ഉപയോഗം നിയന്ത്രിക്കണമെന്ന് അധികൃതർ നിർദ്ദേശിക്കുന്നു.




