കൊച്ചി: നെടുമ്പാശ്ശേരിയിൽ മൂന്ന് പേരുടെ മരണത്തിനിടയാക്കിയ മിനികൂപ്പർ അപകടത്തിൽ വാഹനത്തിലെ വിവരങ്ങൾ പൊലീസിന് ലഭിക്കാൻ വൈകും. വാഹനത്തിന്റെ ഇലക്ട്രോണിക് ഡാറ്റ റെക്കോർഡർ (ഇഡിആർ) ജർമ്മനിയിലേക്ക് അയച്ച് പരിശോധിക്കാനാണ് തീരുമാനം. ബിഎംഡബ്ല്യു കമ്പനിയുടെ ആസ്ഥാനത്തെ വിദഗ്ധർ പരിശോധന നടത്തിയ ശേഷമേ വിവരങ്ങൾ പൊലീസിന് കൈമാറൂ. കമ്പനിയുടെ സ്വകാര്യതാ നയങ്ങൾ പാലിക്കുന്നതിനാണ് ഈ നടപടിയെന്നാണ് വിവരം. ഇതോടെ അപകടസമയത്ത് വാഹനത്തിനുള്ളിൽ രേഖപ്പെടുത്തിയ വിവരങ്ങൾ ലഭിക്കാൻ വൈകും.
അതിനിടെ, അപകടത്തിൽ മരിച്ച ഗോപികയുടെ കുടുംബം കേസിൽ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാരിന് കത്ത് നൽകി. അഡ്വക്കേറ്റ് ജോൺ എസ്. റാൽഫിന്റെ പേരാണ് കുടുംബം നിർദേശിച്ചിരിക്കുന്നത്. മുഖ്യമന്ത്രിക്കും ആഭ്യന്തര വകുപ്പ് സെക്രട്ടറിക്കും കുടുംബം കത്ത് നൽകിയിട്ടുണ്ട്.
കേസിലെ പ്രതികളായ സുഹൈൽ സജീവ്, നിനവ്, ജോയൽ എസ്. ആന്റോ, അമീൻ ഷാ എന്നിവർ എറണാകുളം സെഷൻസ് കോടതിയിൽ ജാമ്യാപേക്ഷ നൽകി. നേരത്തെ അങ്കമാലി മജിസ്ട്രേറ്റ് കോടതി ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെയാണ് പ്രതികൾ വീണ്ടും കോടതിയെ സമീപിച്ചത്. അതേസമയം, പ്രതികളെ വീണ്ടും കസ്റ്റഡിയിൽ വാങ്ങാനുള്ള നടപടികളും പൊലീസ് ആരംഭിച്ചു.
ഒക്ടോബർ 11ന് പുലർച്ചെയുണ്ടായ അപകടത്തിൽ വയനാട് മടക്കിമല സ്വദേശിനി ദേവിക സന്തോഷ്, പാലക്കാട് മണാർക്കാട് സ്വദേശിനി ഗോപിക, കർണാടക സുള്ള്യ സ്വദേശി ഇയാസ് എന്നിവർ സംഭവസ്ഥലത്തുതന്നെ മരിച്ചു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.
അപകടവുമായി ബന്ധപ്പെട്ട് 19കാരനായ സുഹൈൽ സജീവിനെതിരെ നെടുമ്പാശ്ശേരി പൊലീസ് കുറ്റകരമായ നരഹത്യ ഉൾപ്പെടെയുള്ള ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്തിട്ടുണ്ട്. വാഹനത്തിന്റെ സാങ്കേതിക പരിശോധനാ വിവരങ്ങളും കോടതിയിലെ തുടർനടപടികളും കേസിൽ നിർണായകമാകും.




