വാഷിങ്ടൺ: ഹോർമുസ് കടലിടുക്കിൽ അമേരിക്ക നാവിക ഉപരോധം ആരംഭിച്ചതിന് പിന്നാലെ വ്യത്യസ്തമായ രീതിയിൽ പ്രതികരിച്ച് ഇറാൻ. മുംബൈയിലെ ഇറാൻ കോൺസുലേറ്റ് ജനറൽ ഔദ്യോഗിക എക്‌സ് അക്കൗണ്ടിലൂടെ ബോളിവുഡ് സിനിമാ ഡയലോഗ് ഉപയോഗിച്ചാണ് അമേരിക്കയെ പരോക്ഷമായി വെല്ലുവിളിച്ചത്.
“അഭി തോ സിർഫ് ട്രെയിലർ ഹേ, പിക്ചർ അഭി ബാക്കി ഹേ” എന്ന ഷാരൂഖ് ഖാൻ ഡയലോഗ് പങ്കുവെച്ചുകൊണ്ടാണ് അമേരിക്കയുടെ സൈനിക നീക്കങ്ങൾക്ക് മറുപടി നൽകിയത്. ഇത് ഇറാന്റെ ശക്തിയെക്കുറിച്ചുള്ള സൂചനയായാണ് വിലയിരുത്തപ്പെടുന്നത്.
ഇറാന്റെ അതിവേഗ മിസൈലുകൾ യുദ്ധത്തിനായി സജ്ജമാണെന്നും കോൺസുലേറ്റ് അറിയിച്ചു. അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് ഇറാന്റെ നാവികസേനയെ കുറിച്ച് അവകാശവാദങ്ങൾ ഉന്നയിക്കുന്ന സാഹചര്യത്തിൽ, തങ്ങളുടെ യഥാർത്ഥ കരുത്ത് ലോകം ഉടൻ കാണുമെന്ന് ഇറാൻ സൂചന നൽകി.
ഹോർമുസ് കടലിടുക്കിലെ ഉപരോധം ആഗോളതലത്തിൽ ആശങ്ക ഉയർത്തുന്ന സമയത്താണ് ഇത്തരത്തിലുള്ള സോഷ്യൽ മീഡിയ പ്രതികരണം ശ്രദ്ധേയമായത്. അമേരിക്കയുടെ നടപടി പരിഹസിക്കുന്ന ഒരു മീമും കോൺസുലേറ്റ് പങ്കുവെച്ചിട്ടുണ്ട്.




