കണ്ണൂർ: സംസ്ഥാനത്ത് തന്നെ ശക്തമായ പോരാട്ടം നടന്ന മണ്ഡലമാണ് പേരാവൂർ. പേരാവൂരിൽ കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫ് 9000 വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന് യുഡിഫ് മണ്ഡലം കമ്മിറ്റി. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിലയിരുത്തലിനായി ചേർന്ന മണ്ഡലം കമ്മിറ്റിയിലാണ് വോട്ട് കണക്കുകൾ അവതരിപ്പിച്ചത്. അയ്യൻകുന്ന് പഞ്ചായത്തിൽ നിന്നായിരിക്കും സണ്ണി ജോസഫിന് എറ്റവും കൂടുതൽ ലീഡ് ലഭിക്കുക എന്നാണ് കമ്മിറ്റിയുടെ വിലയിരുത്തൽ. മുഴക്കുന്ന്, പായം, പേരാവൂർ പഞ്ചായത്തുകളിൽ എൽഡിഎഫിനാകും ലീഡ് എന്നാണ് യുഡിഎഫിൻ്റെ കണക്ക് കൂട്ടൽ.
എന്നാൽ, പേരാവൂരിൽ കെ കെ ശൈലജ അട്ടിമറി വിജയം നേടുമെന്നാണ് ഇടതുപക്ഷ നിഗമനം. കെ കെ ശൈലജയുടെ ജനകീയതയും ജന്മനാട്ടിൽ നിന്ന് ലഭിക്കുന്ന വോട്ടുകളും നിർണ്ണായകമാണെന്നാണ് സിപിഐഎം നേതൃത്വത്തിൻ്റെ വിലയിരുത്തൽ. സണ്ണി ജോസഫിൻ്റെ സിറ്റിങ് സീറ്റിൽ കെ കെ ശൈലജയെ മത്സരത്തിന് ഇറക്കാനുള്ള സിപിഐഎം തീരുമാനത്തിൽ വ്യത്യസ്ത അഭിപ്രായങ്ങൾ നേരത്തെ ഉയർന്നിരുന്നു. എന്നാൽ ശൈലജ 3000 വോട്ടുകളുടെ വ്യക്തമായ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന് തന്നെയാണ് വിലയിരുത്തൽ.




