കൊച്ചി: എറണാകുളം പെരുമ്പാവൂരിൽ മൂന്ന് വയസുകാരൻ മരിച്ച സംഭവത്തിൽ രണ്ടാനച്ഛനെതിരെ കൊലക്കുറ്റത്തിന് കേസെടുത്ത് പൊലീസ്. അസം സ്വദേശിയായ വിറ്റുപാന്റെ മരണത്തിലാണ് രണ്ടാനച്ഛൻ മൊഹേശ്വറിനെതിരെ നടപടി. കുട്ടിയുടെ തലയ്ക്കേറ്റ ഗുരുതരമായ ക്ഷതമാണ് മരണകാരണമെന്നാണ് പോസ്റ്റ്മോർട്ടത്തിലെ പ്രാഥമിക കണ്ടെത്തൽ.
കെട്ടിടത്തിൽ നിന്ന് വീണുണ്ടായ പരിക്കല്ല കുട്ടിയുടെ തലയിലുണ്ടായിരുന്നതെന്നും ശക്തമായി ഭിത്തിയിൽ ഇടിച്ചതിനെ തുടർന്നുണ്ടായ പരിക്കാണെന്നുമാണ് പോസ്റ്റ്മോർട്ടത്തിലെ പ്രാഥമിക വിവരം. ഇതോടെയാണ് കുട്ടിയുടെ മരണത്തിൽ കൊലപാതക സംശയം ശക്തമായത്.
രണ്ടാനച്ഛൻ കുട്ടിയെ മർദിച്ചിരുന്നതായി അമ്മ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. മൊഹേശ്വർ കുട്ടിയെ നിരന്തരം മർദിച്ചിരുന്നതായി അയൽവാസികളും മൊഴി നൽകിയെന്നാണ് വിവരം. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇയാൾക്കെതിരെ പൊലീസ് കൊലക്കുറ്റം ചുമത്തിയത്.
കുട്ടി കെട്ടിടത്തിൽ നിന്ന് താഴെ വീണെന്നായിരുന്നു രണ്ടാനച്ഛൻ പൊലീസിനോട് ആദ്യം പറഞ്ഞത്. എന്നാൽ മുഖത്തും ശരീരത്തിലും പരിക്കേറ്റ പാടുകൾ കണ്ടെത്തിയതും പോസ്റ്റ്മോർട്ടത്തിലെ പ്രാഥമിക വിവരങ്ങളും ഈ മൊഴിയിൽ സംശയമുയർത്തി.
കുട്ടിയെ കളമശ്ശേരി മെഡിക്കൽ കോളേജിൽ എത്തിച്ചതിന് പിന്നാലെയാണ് മരണം സ്ഥിരീകരിച്ചത്. സംഭവത്തിൽ രണ്ടാനച്ഛനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കുട്ടിയുടെ അമ്മയെയും സഹോദരിയെയും സുരക്ഷിതത്വം ഉറപ്പാക്കുന്നതിനായി അഭയകേന്ദ്രത്തിലേക്ക് മാറ്റി.
കുട്ടിയുടെ മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങൾ സംബന്ധിച്ച് പൊലീസ് വിശദമായ അന്വേഷണം തുടരുകയാണ്. പോസ്റ്റ്മോർട്ടത്തിന്റെ അന്തിമ റിപ്പോർട്ടും അന്വേഷണത്തിൽ നിർണായകമാകും.


