കൊച്ചി: പ്രതിഷേധങ്ങളെ അടിച്ചമർത്താൻ ശ്രമിച്ചാൽ രാജ്യത്തുടനീളം പ്രതിഷേധം ഉയരുമെന്ന് നടനും ആക്ടിവിസ്റ്റുമായ പ്രകാശ് രാജ്. ജന്തർ മന്തറിൽ പ്രതിഷേധം തടഞ്ഞാൽ രാജ്യം മുഴുവൻ ജന്തർ മന്തറാകുമെന്നും വീടുകൾ തോറും പ്രതിഷേധം ഉയരുമെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്ത് നിലവിൽ നടക്കുന്നത് രാഷ്ട്രീയ പ്രസ്ഥാനമല്ലെന്നും പൗരന്മാരുടെ വോട്ടവകാശം സംരക്ഷിക്കാനുള്ള പോരാട്ടമാണെന്നും പ്രകാശ് രാജ് പറഞ്ഞു. ചോദ്യങ്ങൾ ചോദിക്കുന്നവരെ ‘കോക്രോച്ചുകൾ’ എന്ന് വിളിക്കുകയും യുവാക്കളെ മർദിക്കുകയും ചെയ്യുന്ന സാഹചര്യമാണുള്ളത്. ജനങ്ങളാണ് സർക്കാരിനെ തിരഞ്ഞെടുക്കുന്നത്. അതിനാൽ വോട്ടവകാശത്തെ ചോദ്യം ചെയ്യുന്നത് അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
‘നിങ്ങൾക്ക് എന്നെ ആന്തോളൻ ജീവിയെന്നോ ദിമാഗി നക്സലെന്നോ വിളിക്കാം. പക്ഷേ, എന്റെ പോരാട്ടം രാജ്യത്തിന് വേണ്ടിയാണ്,’ പ്രകാശ് രാജ് പറഞ്ഞു.
കോളേജ് കാലം മുതൽ പ്രതിഷേധങ്ങളുടെ ഭാഗമായിരുന്നുവെന്നും സിനിമാ മേഖലയിൽ എത്തിയപ്പോഴും തെറ്റുകൾക്കെതിരെ ശബ്ദമുയർത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മാധ്യമപ്രവർത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിന് പിന്നിൽ ആരാണെന്ന ചോദ്യം ഉന്നയിച്ചതോടെയാണ് താൻ കൂടുതൽ ശ്രദ്ധിക്കപ്പെട്ടതെന്നും ചോദ്യങ്ങൾ ചോദിക്കുന്നത് തുടരുമെന്നും പ്രകാശ് രാജ് കൂട്ടിച്ചേർത്തു.
മതവിശ്വാസത്തോട് എതിർപ്പില്ലെന്നും എന്നാൽ മതത്തെ രാഷ്ട്രീയ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നതിനോടാണ് വിയോജിപ്പെന്നും അദ്ദേഹം വ്യക്തമാക്കി. ഫാസിസ്റ്റ് ശക്തികളെ ചോദ്യം ചെയ്യുന്നവരെ ദേശവിരുദ്ധരായി ചിത്രീകരിക്കുകയാണ്. പ്രതിഷേധങ്ങളിലൂടെയാണ് രാജ്യം രൂപപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു.
ഉമർ ഖാലിദ് വിചാരണയില്ലാതെ ജയിലിൽ കഴിയുമ്പോൾ ബലാത്സംഗക്കേസുകളിലെ പ്രതികൾ പുറത്തുനടക്കുന്ന സാഹചര്യം രാജ്യത്തെ നീതിന്യായ വ്യവസ്ഥയെക്കുറിച്ച് ചോദ്യങ്ങൾ ഉയർത്തുന്നതാണെന്നും പ്രകാശ് രാജ് വിമർശിച്ചു. ഗൗരി ലങ്കേഷിനെപ്പോലുള്ളവരെ കൊലപ്പെടുത്തുന്നതും ഉമർ ഖാലിദിനെപ്പോലുള്ളവരെ ജയിലിലടയ്ക്കുന്നതും സമൂഹത്തിൽ ഭയം സൃഷ്ടിക്കാനാണെന്നും അദ്ദേഹം ആരോപിച്ചു.
‘ഭയം കാരണം മരിക്കുന്നതിന് മുമ്പ് ഞാൻ മരിക്കാൻ ആഗ്രഹിക്കുന്നില്ല’ എന്ന നിലപാടാണ് തനിക്കുള്ളതെന്നും സമൂഹം മോശമായ സാഹചര്യത്തിലൂടെ കടന്നുപോകുമ്പോൾ എങ്ങനെ സന്തോഷത്തോടെ ജീവിക്കാനാകുമെന്നും പ്രകാശ് രാജ് ചോദിച്ചു.
രാജ്യത്തെ ജനാധിപത്യവും പൗരാവകാശങ്ങളും സംരക്ഷിക്കാൻ ഭയമില്ലാതെ ചോദ്യങ്ങൾ ചോദിക്കുകയും പ്രതിഷേധിക്കുകയും ചെയ്യേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


