തിരുവനന്തപുരം: എക്‌സൈസ് വകുപ്പിൽ ഉദ്യോഗസ്ഥർ നടത്തിയ ഗുരുതര ക്രമക്കേടുകൾ സംബന്ധിച്ച റിപ്പോർട്ടുമായി സീറാം സാംബശിവ റാവു. ഇന്നലെ എക്സെെസ് കമ്മീഷണർ സ്ഥാനത്ത് നിന്നും മാറ്റുന്നതിന് മുമ്പാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. എക്‌സൈസ് കമ്മീഷണറേറ്റില്‍ ജെഇസിയായി സേവനമനുഷ്ഠിക്കുന്നതിനിടെ വിനോദ് എന്ന ജോയിന്റ് എക്‌സൈസ് കമ്മീഷണര്‍ ഗംഗ എന്ന ബാറിന്റെ നടത്തിപ്പുകാരന് അവരുടെ ലൈസന്‍സ് സംബന്ധമായ എല്ലാ കാര്യങ്ങളിലും ലേസന്‍ വര്‍ക്ക് ചെയ്തുവന്നിരുന്നതായി റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. ബാർ ലൈസൻസ് അനുവദിച്ചതിൽ താൻ അഴിമതി കാട്ടിയിട്ടില്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
ഇതിൽ ഉദ്യോഗസ്ഥനായ വിനോദ്, ഡെപ്യൂട്ടി കമ്മീഷണർ അജയ് എന്നിവർ കൈക്കൂലി വാങ്ങിയെന്ന് ആരോപണമുണ്ട്. ബാർ ഉടമകളിൽനിന്ന് ഇരുവരും നിരന്തരം കൈക്കൂലി വാങ്ങിയിരുന്നു. വിനോദ് ബാർ ഉടമകളിൽനിന്ന് പലതവണയായി 30,000 രൂപയും 20,000 രൂപയും വാങ്ങിയിട്ടുണ്ട്.
കള്ളുഷാപ്പ് അനുവദിക്കുന്നതിൽ ക്രമക്കേട് നടത്തിയ ഇവർ, ലൈസൻസ് അനുവദിക്കാൻ കൈക്കൂലി വാങ്ങിയിട്ടുണ്ടെന്നും അജയ് കോട്ടയത്ത് ബാറുകൾ ലീസിനെടുത്ത് പ്രവർത്തിപ്പിച്ചതായും റിപ്പോർട്ടിൽ പറയുന്നു. ബാറുകളിൽനിന്ന് ഇവർ മാസപ്പടി വാങ്ങാറുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. ഓണംപോലുള്ള വിശേഷ ദിവസങ്ങളിൽ ഇവർ പണം വാങ്ങുമായിരുന്നു.
ലൈസൻസ് കൊടുത്ത വിഷയത്തിൽ താൻ ക്രമക്കേടുകൾ കാണിച്ചിട്ടില്ലെന്ന് റിപ്പോർട്ടിൽ പറഞ്ഞ സാംബ ശിവ റാവു, ഇതുമായി ബന്ധപ്പെട്ട് സസ്പെൻഷനിലായ ഉദ്യോഗസ്ഥർക്ക് ക്ലീൻ ചിറ്റ് നൽകുകയും ചെയ്തു. ചട്ടപ്രകകാരം ലൈസൻസ് അനുവദിക്കാൻ തനിക്ക് അധികാരമുണ്ടെന്നും സർക്കാറിന്റെ മുൻകൂർ അനുമതി ആവശ്യമില്ലെന്നും സംബശിവ റാവു റിപ്പോർട്ടിൽ പറയുന്നു.


