ന്യൂഡൽഹി: പശ്ചിമേഷ്യയിലെ തുടരുന്ന സംഘർഷവും സൈനിക നീക്കങ്ങളും ഇന്ത്യയിലടക്കം ഏഷ്യ-പസഫിക് മേഖലയിലെ ജനജീവിതത്തെ ഗുരുതരമായി ബാധിക്കുമെന്ന് ഐക്യരാഷ്ട്രസഭയുടെ റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു. ഈ സാഹചര്യത്തിൽ ഇന്ത്യയിൽ ഏകദേശം 25 ലക്ഷം പേർ കൂടി ദാരിദ്ര്യത്തിലേക്ക് തള്ളപ്പെടാനിടയുണ്ടെന്നാണ് വിലയിരുത്തൽ.
പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യങ്ങൾ ഏഷ്യ-പസഫിക് മേഖലയിലെ ജനജീവിതത്തെ എങ്ങനെ ബാധിക്കുന്നു’ എന്ന തലക്കെട്ടിലുള്ള റിപ്പോർട്ട് പ്രകാരം, ആഗോളതലത്തിൽ ഏകദേശം 8.8 ദശലക്ഷം പേർക്ക് ദാരിദ്ര്യം നേരിടേണ്ടിവരും. മേഖലയിൽ ആകെ 299 ബില്യൺ യു.എസ്. ഡോളർ വരെ സാമ്പത്തിക നഷ്ടമുണ്ടാകാമെന്നും റിപ്പോർട്ട് പറയുന്നു.
സംഘർഷത്തിന്റെ പ്രതിഫലനമായി ഇന്ധനവും ചരക്കുകളും കൂടുതൽ ചെലവേറിയതാകുകയും, ഗാർഹിക വാങ്ങൽശേഷി കുറയുകയും, ഭക്ഷ്യ സുരക്ഷാ പ്രശ്നങ്ങൾ രൂക്ഷമാകുകയും ചെയ്യും. ഇതോടെ ഉപജീവന മാർഗങ്ങൾക്കും വലിയ തിരിച്ചടി നേരിടും.
ഇന്ത്യയിൽ ദാരിദ്ര്യ നിരക്ക് 23.9 ശതമാനത്തിൽ നിന്ന് 24.2 ശതമാനമായി ഉയരുമെന്നാണ് റിപ്പോർട്ടിലെ കണക്ക്. ഇതോടെ 24 ലക്ഷത്തിലധികം പേർ പുതിയതായി ദാരിദ്ര്യരേഖയ്ക്കു താഴെയേക്ക് വീഴും. നിലവിൽ ഏകദേശം 35.15 കോടി പേർ ദാരിദ്ര്യത്തിൽ കഴിയുന്ന സാഹചര്യത്തിൽ, പ്രതിസന്ധിക്ക് ശേഷം ഇത് 35.40 കോടിയിലേയ്ക്ക് ഉയരുമെന്നാണ് കണക്കുകൂട്ടൽ.
ഇന്ത്യയുടെ ക്രൂഡ് ഓയിൽ ഇറക്കുമതിയിലെ 40 ശതമാനത്തിലധികവും എൽ.പി.ജി ഇറക്കുമതിയിലെ 90 ശതമാനവും പശ്ചിമേഷ്യയിൽ നിന്നുള്ളതാകുന്നതിനാൽ, അവിടുത്തെ സംഘർഷങ്ങൾ രാജ്യത്തിന്റെ സാമ്പത്തിക സ്ഥിരതയെ നേരിട്ട് ബാധിക്കുന്നതായി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.




