മുംബൈ: നാസിക്കിലെ ടിസിഎസ് ഓഫിസില്‍ ലൈംഗിക പീഡനം, നിര്‍ബന്ധിത മതപരിവര്‍ത്തന ശ്രമം എന്നീ പരാതികളില്‍ പ്രത്യേക പൊലീസ് സംഘം അന്വേഷണം ഊര്‍ജിതമാക്കി. എട്ട് യുവതികളും ഒരു യുവാവും നല്‍കിയ പരാതികളുടെ അടിസ്ഥാനത്തില്‍ ഒമ്പത് എഫ്ഐആറുകളാണ് പോലീസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 18 മുതല്‍ 25 വയസ്സു വരെയുള്ള ജീവനക്കാരാണ് ഇരകളായത്. 12 ഇരകളെ തിരിച്ചറിഞ്ഞു. പൊലീസ് ഉദ്യോഗസ്ഥര്‍ ഓഫീസില്‍ വേഷം മാറി ജോലി ചെയ്താണ് ഇവരെ പിടികൂടിയത്.
6 ടീം ലീഡര്‍മാരെയും വനിതാ ജീവനക്കാരുടെ പരാതി അവഗണിച്ചതിന് വനിതാ എച്ച്ആര്‍ മാനേജരെയും അറസ്റ്റ് ചെയ്തിരുന്നു. മുന്‍ എച്ച്ആര്‍ മാനേജരായ യുവതി ഒളിവിലാണ്. അറസ്റ്റിലായവരെ കമ്പനി സസ്‌പെന്‍ഡ് ചെയ്തു. ടിസിഎസ് ഉടമകളായ ടാറ്റ സണ്‍സിന്റെ ചെയര്‍മാന്‍ എന്‍.ചന്ദ്രശേഖരന്‍ ആഭ്യന്തര അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്.
മത അനുഷ്ഠാനങ്ങള്‍ക്കും ഇഷ്ടമില്ലാത്ത ഭക്ഷണം കഴിക്കാനും നിര്‍ബന്ധിക്കുക, ശരീരത്തില്‍ മോശമായി സ്പര്‍ശിക്കുക, വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിക്കുക തുടങ്ങിയ ആരോപണങ്ങളാണ് ഇവര്‍ക്കെതിരെയുള്ളത്.




