കൊച്ചി: 2026 സാമ്പത്തിക വർഷം ഐസിഐസിഐ പ്രുഡൻഷ്യൽ ലൈഫ് ഇൻഷുറൻസ് ലാഭത്തിൽ വൻ കുതിച്ചുചാട്ടം രേഖപ്പെടുത്തി. കമ്പനിയുടെ അറ്റാദായം വാർഷികാടിസ്ഥാനത്തിൽ 34.6 ശതമാനം വർദ്ധിച്ച് 1,600 കോടി രൂപയിലെത്തി. കമ്പനിയുടെ പുതിയ ബിസിനസ്സ് മൂല്യം വാർഷികാടിസ്ഥാനത്തിൽ 10.9 ശതമാനം വളർച്ചയോടെ 2,629 കോടി രൂപയായി ഉയർന്നു. വിഎൻബി മാർജിൻ 24.7 ശതമാനമാണ്.
ഉപഭോക്താക്കളുടെ ആകെ ഇൻഷുറൻസ് പരിരക്ഷാ തുക 16.9 ശതമാനം വളർച്ചയോടെ 46.11 ലക്ഷം കോടി രൂപയിലെത്തി. ഇതിൽ റീട്ടെയിൽ പുതിയ ബിസിനസ്സ് സം അഷ്വേർഡ് 35.3 ശതമാനം വർദ്ധിച്ച് 4.5 ലക്ഷം കോടി രൂപയായി. കമ്പനി കൈകാര്യം ചെയ്യുന്ന ആകെ ആസ്തികൾ 3.14 ലക്ഷം കോടി രൂപയായി വർദ്ധിച്ചു. ആകെ പ്രീമിയം വരുമാനം 53,125 കോടി രൂപയായും പുതിയ ബിസിനസ്സ് പ്രീമിയം 24,810 കോടി രൂപയായും ഉയർന്നു.
കമ്പനിയുടെ എംബഡഡ് മൂല്യം 10.5 ശതമാനം വളർച്ചയോടെ 52,989 കോടി രൂപയിലെത്തി. 99.3 ശതമാനം ക്ലെയിമുകളും കമ്പനി തീർപ്പാക്കി. ശരാശരി 1.1 ദിവസത്തിനുള്ളിലാണ് ക്ലെയിമുകൾ നൽകിയത്. കമ്പനിയുടെ സേവിംഗ്സ് വിഭാഗത്തിലെ ചെലവ്-പ്രീമിയം അനുപാതം 12.1 ശതമാനമായി കുറഞ്ഞു. ഓരോ ഓഹരിക്കും 1.65 രൂപ വീതം അന്തിമ ലാഭവിഹിതം നൽകാൻ കമ്പനി ശുപാർശ ചെയ്തു. കമ്പനിയുടെ സോൾവൻസി അനുപാതം 227.3 ശതമാനമാണ്. ഇത് നിയന്ത്രണ ഏജൻസികൾ നിശ്ചയിച്ചിട്ടുള്ള 150 ശതമാനത്തേക്കാൾ വളരെ കൂടുതലാണ്.
കമ്പനിയുടെ പ്രവർത്തനത്തിൻറെ 25-ാം വർഷത്തിൽ 20 കോടിയിലധികം ഉപഭോക്താക്കൾക്ക് മികച്ച സേവനം നൽകാൻ സാധിച്ചതായി എംഡിയും സിഇഒയുമായ അനൂപ് ബാഗ്ചി പറഞ്ഞു. സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഇൻഷുറൻസ് സേവനങ്ങൾ കൂടുതൽ ലളിതമാക്കാനാണ് ലക്ഷ്യമിടുന്നത്. ഉപഭോക്താക്കളുടെ ആവശ്യങ്ങൾക്കനുസരിച്ചുള്ള വൈവിധ്യമാർന്ന ഇൻഷുറൻസ് പദ്ധതികളും വിതരണ ശൃംഖലയുടെ വിപുലീകരണവുമാണ് കമ്പനിയുടെ ഈ മികച്ച വളർച്ചയ്ക്ക് പിന്നിലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.




