തിരുവനന്തപുരം: ബിവറേജസ് ഔട്ട്‌ലെറ്റിൽ നിന്ന് വിലക്കുറഞ്ഞ മദ്യം വാങ്ങി രാസവസ്തുക്കൾ ചേർത്ത് പ്രമുഖ ബ്രാൻഡുകളുടെ പേരിൽ വിറ്റിരുന്ന വ്യാജമദ്യ നിർമാണകേന്ദ്രം തിരുവനന്തപുരം എക്സൈസ് എൻഫോഴ്സ്മെന്റ് വിഭാഗം കണ്ടെത്തി. സംഭവത്തിൽ ഈഞ്ചയ്ക്കൽ സ്വദേശി ഹാഷിം സുൽഫിക്കറിനെ അറസ്റ്റ് ചെയ്തു.
ജവാൻ, ക്ലബ് ഹൗസ് തുടങ്ങിയ വിലക്കുറഞ്ഞ മദ്യങ്ങൾ വാങ്ങി അതിൽ എസൻസും മറ്റ് ചേരുവകളും കലർത്തി ബ്ലാക്ക് ലേബൽ, റെഡ് ലേബൽ, ഷിവാസ് റീഗൽ തുടങ്ങിയ വിലകൂടിയ ബ്രാൻഡുകളുടെ കുപ്പികളിൽ നിറച്ച് വ്യാജ ലേബൽ പതിപ്പിച്ചാണ് ഇയാൾ മദ്യം വിറ്റിരുന്നതെന്ന് എക്സൈസ് അറിയിച്ചു.
പ്രതിയുടെ വീട്ടിലെ കിടപ്പുമുറിയിൽ നടത്തിയ പരിശോധനയിൽ 14 ലിറ്റർ വ്യാജമദ്യവും ബിവറേജസ് ഔട്ട്‌ലെറ്റിൽ നിന്ന് വാങ്ങിയ ആറര ലിറ്റർ മദ്യവും പിടിച്ചെടുത്തു. വീട്ടിൽ തന്നെയായിരുന്നു വ്യാജമദ്യം നിർമിച്ചിരുന്നതെന്നും അന്വേഷണത്തിൽ കണ്ടെത്തി.
തിരുവനന്തപുരം എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നർകോട്ടിക് സ്പെഷ്യൽ സ്ക്വാഡിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ വിലകൂടിയ ബ്രാൻഡുകളുടെ പേരിൽ സമാന രീതിയിൽ വ്യാജമദ്യം വിറ്റിരുന്നതായി പ്രതി മൊഴി നൽകിയിട്ടുണ്ടെന്ന് എക്സൈസ് അറിയിച്ചു.
സംഭവത്തിന്റെ പശ്ചാത്തലത്തിൽ നഗരത്തിൽ വ്യാജമദ്യ വിൽപ്പന കണ്ടെത്താൻ പരിശോധനകൾ ശക്തമാക്കുമെന്നും പ്രതിക്കെതിരെ നിയമനടപടികൾ തുടരുമെന്നും എക്സൈസ് അധികൃതർ അറിയിച്ചു.


