കൊച്ചി: വിപണിയിൽ അരിവില കുതിച്ചുയരുന്നത് സാധാരണക്കാരുടെ കുടുംബബജറ്റിന് കനത്ത തിരിച്ചടിയാകുന്നു. ബസ്മതി, നോൺ-ബസ്മതി അരികൾക്കെല്ലാം വില ഉയർന്നിട്ടുണ്ട്. ആഗോളതലത്തിൽ ഭക്ഷ്യസുരക്ഷ ഉറപ്പാക്കാനുള്ള രാജ്യങ്ങളുടെ നീക്കങ്ങളും അരിയുടെ വർധിച്ച ആവശ്യകതയും വിലക്കയറ്റത്തിന് കാരണമാകുന്നുവെന്നാണ് വിപണി വിലയിരുത്തൽ.
ബിരിയാണിക്ക് ഉപയോഗിക്കുന്ന ബസ്മതി അരിക്ക് കഴിഞ്ഞ വർഷം ഇതേസമയം കിലോയ്ക്ക് ഏകദേശം 85 രൂപയായിരുന്നെങ്കിൽ നിലവിൽ വില 100 രൂപയ്ക്ക് മുകളിലെത്തി. കഴിഞ്ഞ സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദവുമായി താരതമ്യം ചെയ്യുമ്പോൾ ബസ്മതി അരിക്ക് 15 മുതൽ 20 ശതമാനം വരെയും നോൺ-ബസ്മതി അരിക്ക് 20 മുതൽ 25 ശതമാനം വരെയും വില വർധിച്ചതായാണ് വ്യാപാരികൾ പറയുന്നത്.
പുതിയ വിളവെടുപ്പ് ഒക്ടോബർ-നവംബർ മാസങ്ങളിൽ മാത്രമേ വിപണിയിലെത്തുകയുള്ളൂ. അതുവരെ വിലയിൽ കാര്യമായ കുറവുണ്ടാകാൻ സാധ്യതയില്ലെന്നാണ് വ്യാപാരികളും കയറ്റുമതിക്കാരും നൽകുന്ന സൂചന.
ഇന്ത്യൻ ബസ്മതി അരിക്ക് വിദേശ വിപണിയിലും വലിയ ആവശ്യകതയുണ്ട്. കഴിഞ്ഞ സാമ്പത്തിക വർഷം 154 രാജ്യങ്ങളിലേക്ക് 6.52 ദശലക്ഷം ടൺ അരി ഇന്ത്യ കയറ്റുമതി ചെയ്തിരുന്നു. സൗദി അറേബ്യയാണ് ഇന്ത്യൻ അരിയുടെ പ്രധാന ഉപഭോക്താക്കളിൽ ഒന്ന്.
2025ലെ വിളവെടുപ്പ് പ്രതീക്ഷിച്ചതിലും വേഗത്തിൽ വിറ്റഴിഞ്ഞതോടെ നിലവിൽ അരിയുടെ സ്റ്റോക്ക് കുറഞ്ഞിരിക്കുകയാണ്. ആഭ്യന്തര വിപണിയിലെ ലഭ്യതക്കുറവും സർക്കാർ തലത്തിലുള്ള സംഭരണവും വില വർധനയ്ക്ക് കാരണമാകുന്നുവെന്ന് റൈസ് എക്സ്പോർട്ടേഴ്സ് അസോസിയേഷൻ ചൂണ്ടിക്കാട്ടുന്നു.
ആന്ധ്രാപ്രദേശ്, കർണാടക, തെലങ്കാന തുടങ്ങിയ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ മഴക്കുറവും പ്രതിസന്ധി രൂക്ഷമാക്കിയിട്ടുണ്ട്. പുതിയ ഖാരിഫ് വിള വിപണിയിലെത്തുകയും മഴ ലഭ്യത മെച്ചപ്പെടുകയും വിദേശ ആവശ്യകത കുറയുകയും ചെയ്താൽ മാത്രമേ അരിവിലയിൽ ആശ്വാസമുണ്ടാകൂ എന്നാണ് വിപണി വിലയിരുത്തൽ.


