മലപ്പുറം: വ്യാജ രേഖകൾ ചമച്ച് രജിസ്ട്രേഷനെത്തിച്ച ബസ് മോട്ടോർ വാഹനവകുപ്പ് ഇന്റേണൽ വിജിലൻസ് പിടികൂടി. തിരൂർ ആർ.ടി.ഒ ഓഫീസിൽ ബസ് രജിസ്റ്റർ ചെയ്യുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നതിനിടെയാണ് ക്രമക്കേട് കണ്ടെത്തിയത്.
ബസ് നിർമാണത്തിൽ നിശ്ചിത മാനദണ്ഡങ്ങൾ പാലിച്ചിട്ടില്ലെന്നും പരിശോധനയിൽ കണ്ടെത്തി. തിരൂരിലെ അംഗീകൃത സ്ഥാപനത്തിൽ ബസ് നിർമിച്ചതാണെന്ന് രേഖകളിൽ രേഖപ്പെടുത്തിയിരുന്നെങ്കിലും, നിലമ്പൂരിലെ ലോക്കൽ ബോഡി വർക്ക്ഷോപ്പിലാണ് ബസ് നിർമിച്ചതെന്ന് അന്വേഷണത്തിൽ വ്യക്തമായി.
തുടർന്ന് ബസും ബന്ധപ്പെട്ട രേഖകളും കൂടുതൽ അന്വേഷണത്തിനായി മോട്ടോർ വാഹനവകുപ്പ് തിരൂർ പൊലീസിന് കൈമാറി. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.


