എറണാകുളം: ഡോ. എം. ലീലാവതിയുടെ 99-ാം ജന്മദിനത്തോടനുബന്ധിച്ച് കൊച്ചി അന്താരാഷ്ട്ര സമിതി 99 സ്‌കൂളുകളിൽ ഒരേസമയം സംഘടിപ്പിക്കുന്ന ‘ലീലാ മധുരം’ പുസ്തകോത്സവത്തിന് എറണാകുളം ശ്രീ രുദ്രവിലാസം സ്‌കൂളിൽ തുടക്കമായി. എറണാകുളം കരയോഗം ജനറൽ സെക്രട്ടറി പി. രാമചന്ദ്രൻ പരിപാടി ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ 18 വർഷമായി ‘വായനമധുരം’ എന്ന പേരിൽ വിവിധ സ്‌കൂളുകളിൽ സംഘടിപ്പിച്ചുവരുന്ന കുട്ടികളുടെ പുസ്തകോത്സവമാണ് ഇത്തവണ മലയാളത്തിന്റെ തറവാട്ടമ്മ എന്നറിയപ്പെടുന്ന ഡോ. എം. ലീലാവതിയുടെ 99-ാം ജന്മദിനത്തോടനുബന്ധിച്ച് ‘ലീലാ മധുരം’ എന്ന പേരിൽ സംഘടിപ്പിച്ചത്.
പുസ്തകോത്സവത്തിന്റെ ഭാഗമായി കുട്ടികൾ തങ്ങളുടെ കൈവശമുള്ള പുസ്തകങ്ങൾ സ്‌കൂളിൽ എത്തിച്ച് പ്രദർശിപ്പിച്ചു. വായനാശീലം വളർത്തുന്നതിനും കുട്ടികളിൽ പുസ്തകങ്ങളോടുള്ള താൽപര്യം വർധിപ്പിക്കുന്നതിനുമുള്ള പ്രവർത്തനങ്ങൾക്കും പരിപാടി പ്രാധാന്യം നൽകി.സ്‌കൂൾ മാനേജർ സരള ടീച്ചർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ശ്രീരഞ്ജിനി ആർ. സ്വാഗതം പറഞ്ഞു. സി.ഐ.സി.സി. പ്രസാധകൻ ജയചന്ദ്രൻ, മുൻ ഹെഡ്മിസ്ട്രസ് സിന്ധു, കെ. ജനാർദ്ദനൻ, സി.ജി. രാജഗോപാൽ മുത്തു എന്നിവർ ആശംസകൾ നേർന്നു. ആര്യമോൾ ടീച്ചർ നന്ദി പറഞ്ഞു.


