ന്യൂഡൽഹി: രാജ്യത്തെ ആദിവാസി സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങളും വിദ്യാഭ്യാസ സാഹചര്യങ്ങളും പരിശോധിക്കുന്നതിനായി ‘ആദിവാസി സ്കൂൾ ടീക് കരോ’ ക്യാമ്പയിനുമായി സിജെപി. നാഗ്പൂരിൽ നടന്ന പരിപാടിയിൽ സിജെപി കൺവീനർ അഭിജീത് ദീപ്കെയാണ് ക്യാമ്പയിൻ പ്രഖ്യാപിച്ചത്.
രാജ്യത്തെ വിവിധ ട്രൈബൽ സ്കൂളുകൾ സിജെപി പ്രവർത്തകർ സന്ദർശിക്കുകയും അവിടുത്തെ പ്രശ്നങ്ങൾ നേരിട്ട് മനസ്സിലാക്കി പൊതുശ്രദ്ധയിൽ കൊണ്ടുവരാൻ ഇടപെടുകയും ചെയ്യുമെന്ന് അഭിജീത് ദീപ്കെ പറഞ്ഞു.
മഹാരാഷ്ട്രയിലടക്കം നിരവധി ട്രൈബൽ സ്കൂളുകൾ വിദ്യാഭ്യാസത്തിന് അനുയോജ്യമല്ലാത്ത സാഹചര്യത്തിലാണെന്നും ചില സ്കൂളുകളുടെ അവസ്ഥ മന്ത്രിമാരുടെ വളർത്തുമൃഗങ്ങൾക്ക് പോലും ഉപയോഗിക്കാൻ കഴിയാത്ത തരത്തിലാണെന്നും ദീപ്കെ ആരോപിച്ചു.
കഴിഞ്ഞ രണ്ട് വർഷത്തിനിടെ മഹാരാഷ്ട്രയിൽ വിവിധ കാരണങ്ങളിലായി 590 ആദിവാസി വിദ്യാർത്ഥികൾ മരിച്ചുവെന്നും പോഷകാഹാരക്കുറവും പാമ്പുകടിയുമുൾപ്പെടെയുള്ള കാരണങ്ങളാണ് കുട്ടികളുടെ മരണത്തിന് ഇടയാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
മധ്യപ്രദേശിലെ ബാലാഘട്ടിൽ പകർച്ചവ്യാധിയെ തുടർന്ന് 30ലേറെ ആദിവാസി കുട്ടികൾ മരിച്ചതിന് പിന്നാലെയാണ് രാജ്യത്തെ ആദിവാസി സ്കൂളുകൾ ഓഡിറ്റ് ചെയ്യുന്നതിനുള്ള ക്യാമ്പയിൻ പ്രഖ്യാപിച്ചതെന്നും സിജപി വ്യക്തമാക്കി.


