തിരുവനന്തപുരം: റിപ്പോർട്ടർ ടി.വിയിലെ മാധ്യമപ്രവർത്തകർക്കെതിരെ നടന്ന പോലീസ് നടപടി ഒട്ടും അംഗീകരിക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കി ഡിജിറ്റൽ മീഡിയ അസോസിയേഷൻ (DMA). കേസുകളുമായി ബന്ധപ്പെട്ട് നിയമപരമായ അന്വേഷണങ്ങളാകാം. എന്നാൽ, മാധ്യമപ്രവർത്തകരുടെ ജോലി തടസ്സപ്പെടുത്തുന്നതും മൊബൈൽ ഫോണുകൾ കസ്റ്റഡിയിലെടുക്കുന്നതും വാർത്താ സംപ്രേഷണം മുടക്കുന്നതും ജനാധിപത്യവിരുദ്ധമായ നടപടിയാണെന്ന് സംഘടന ചൂണ്ടിക്കാട്ടി.
ഭാവിയിൽ ഉണ്ടാകുന്ന അന്വേഷണങ്ങളിൽ പോലും മാധ്യമ സ്ഥാപനങ്ങളുടെ പ്രവർത്തനത്തെയോ മാധ്യമപ്രവർത്തകരുടെ കൃത്യനിർവഹണത്തെയോ ബാധിക്കുന്ന രീതിയിലുള്ള സമീപനം പോലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടാകരുതെന്ന് ഡിജിറ്റൽ മീഡിയ അസോസിയേഷൻ ആവശ്യപ്പെട്ടു. പ്രസിഡന്റ് ടി.പി. നന്ദകുമാറും ജനറൽ സെക്രട്ടറി പി.ആർ. സോംദേവും സംയുക്ത പ്രസ്താവനയിലാണ് ആവശ്യമുന്നയിച്ചത്.കേരളത്തിലെ പ്രമുഖ ഡിജിറ്റൽ വാർത്താ ചാനലുകളുടെ കൂട്ടായ്മയാണ് ഡിജിറ്റൽ മീഡിയ അസോസിയേഷൻ.


