ന്യൂഡൽഹി: പ്രമുഖ ഐടി വ്യവസായി വേണു ഗോപാലകൃഷ്ണന് നേരെയുള്ള ലൈംഗികപീഡന കേസിൽ സുപ്രീം കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. ജസ്റ്റിസ് ബി.വി. നാഗരത്നയുടെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
കേസ് അന്വേഷണവുമായി സഹകരിക്കണമെന്നും കോടതി നിർദേശിച്ചു. അറസ്റ്റുണ്ടായാൽ ഉടൻ ജാമ്യത്തിൽ വിട്ടയയ്ക്കണമെന്നും, സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചാൽ ജാമ്യം റദ്ദാക്കുമെന്നും കോടതി മുന്നറിയിപ്പ് നൽകി.
വേണു ഗോപാലകൃഷ്ണന്റെ സ്ഥാപനത്തിലെ മുൻ ജീവനക്കാരിയാണ് ലൈംഗികപീഡന പരാതി നൽകിയിരിക്കുന്നത്. അതേസമയം, ഹണി ട്രാപ്പ് കേസിൽ അറസ്റ്റിലായ യുവതിയാണ് പിന്നീട് ഈ പരാതി നൽകിയതെന്ന വാദമാണ് പ്രതിഭാഗം കോടതിയിൽ ഉന്നയിച്ചത്. കേസിൽ മധ്യസ്ഥ ശ്രമങ്ങൾ കോടതി നിർദേശിച്ചിരുന്നുവെങ്കിലും അത് ഫലപ്രദമായില്ല.
വേണു ഗോപാലകൃഷ്ണന് വേണ്ടി സീനിയർ അഭിഭാഷകരായ മുകുൾ റോത്തഗി, രാകേന്ദ് ബസന്ത്, അഡ്വ. തോമസ് ജെ ആനക്കല്ലുങ്കൽ എന്നിവർ ഹാജരായി. സംസ്ഥാന സർക്കാരിന് വേണ്ടി സീനിയർ അഭിഭാഷകൻ പി.വി. ദിനേശും നിഷേ രാജൻ ഷൊങ്കറും ഹാജരായപ്പോൾ, പരാതിക്കാരിക്ക് വേണ്ടി അഡ്വ. കരുണ നന്ദി ഹാജരായി.




