ന്യൂഡൽഹി: ഡൽഹി-എൻസിആർ മേഖലയിലെ തോക്ക് മാഫിയ സംഘത്തെ പൊലീസ് പിടികൂടി. സംഘത്തിന്റെ പ്രധാനിയെന്ന് കരുതപ്പെടുന്ന ഡൽഹി യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് ഓപ്പൺ ലേണിംഗിലെ ബിരുദ വിദ്യാർഥിയെയും അറസ്റ്റ് ചെയ്തു.
ഏപ്രിൽ 14ന് രഹസ്യവിവരത്തെ തുടർന്ന് നടത്തിയ റെയ്ഡിലാണ് അബു താലിബ് (27) പിടിയിലായത്. ഇയാളുടെ പക്കൽ നിന്ന് രണ്ട് പിസ്റ്റളുകൾ, ഒരു നാടൻ തോക്ക്, 23 തിരകൾ, 11 ഒഴിഞ്ഞ ഷെല്ലുകൾ എന്നിവ പിടിച്ചെടുത്തു.
മീററ്റിൽ നിന്നാണ് ആയുധങ്ങൾ എത്തിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. കുടുംബത്തോടൊപ്പം പഴം മൊത്തവ്യാപാര ബിസിനസ്സ് നടത്തുന്നതിനിടെയാണ് താലിബ് ബിരുദ പഠനവും തുടരുന്നത്.
പിടിച്ചെടുത്ത ആയുധങ്ങൾ ഉപയോഗിച്ച് ഇയാൾ മുൻപ് പരീക്ഷണ വെടിവെപ്പ് നടത്തിയിരുന്നതായും പൊലീസ് അറിയിച്ചു. ഫർഷ് ബസാർ പൊലീസ് സ്റ്റേഷനിൽ ഇയാൾക്കെതിരെ മുൻപ് ഒരു ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും, കേസുമായി ബന്ധപ്പെട്ട കൂടുതൽ പേരിലേക്കും അന്വേഷണം വ്യാപിപ്പിക്കുമെന്നും പൊലീസ് വ്യക്തമാക്കി.




