മസ്‌കത്ത്: പ്രവാസലോകത്തെ ചതിക്കുഴികളിൽപ്പെട്ട് ഭക്ഷണവും താമസസൗകര്യവുമില്ലാതെ ദുരിതമനുഭവിക്കേണ്ടി വന്ന മലയാളി യുവതിക്ക് രക്ഷകരായി റൂവി മലയാളി അസോസിയേഷൻ (RMA). മെച്ചപ്പെട്ട ജീവിതം സ്വപ്നം കണ്ട് വിദേശത്തെത്തിയ യുവതി, ജോലിസ്ഥലത്തെ കടുത്ത പീഡനങ്ങളെയും ദുരിതങ്ങളെയും ധീരമായി നേരിട്ടൊടുവിൽ സുരക്ഷിത സ്ഥാനത്തെത്തി.
വീട്ടുടമസ്ഥരുടെ ഭാഗത്തുനിന്നുള്ള ഉപദ്രവവും ഭക്ഷണത്തിന്റെ ലഭ്യതക്കുറവും കാരണം ദുസ്സഹമായ സാഹചര്യത്തിലായിരുന്നു യുവതി കഴിഞ്ഞിരുന്നത്. തളർന്നുപോകാതെ തന്റെ അവസ്ഥ വിവരിച്ച് യുവതി ആർഎംഎ പ്രസിഡന്റ് ഫൈസൽ ആലുവയ്ക്ക് അയച്ച വാട്സ്ആപ്പ് സന്ദേശമാണ് രക്ഷാപ്രവർത്തനത്തിന് വഴിതുറന്നത്. ഉടൻതന്നെ സംഘടന ഇടപെടുകയും പ്രവർത്തകനായ ഡോ. സജി ഉതുപ്പൻ വഴി ഏജന്റുമായി ബന്ധപ്പെട്ട് അടിയന്തര നടപടികൾ സ്വീകരിക്കുകയും ചെയ്തു.
യുവതിക്ക് നിലവിലുണ്ടായിരുന്ന പ്രതിസന്ധികൾക്ക് പരിഹാരം കാണുന്നതിനൊപ്പം തന്നെ, അവർക്ക് പുതിയൊരു ജോലി കണ്ടെത്താനുള്ള സൗകര്യങ്ങളും സംഘടന ഒരുക്കിയിട്ടുണ്ട്. തക്കസമയത്ത് ഇടപെട്ട് തന്റെ ഭാര്യയെ സഹായിച്ച ആർഎംഎ പ്രവർത്തകർക്ക് യുവതിയുടെ ഭർത്താവ് നന്ദി അറിയിച്ചു.
പ്രതിസന്ധികളിൽ ഭയപ്പെട്ട് പിന്മാറാതെ പ്രതികരിക്കാൻ കാണിച്ച ധീരതയാണ് യുവതിയുടെ മോചനത്തിന് കരുത്തായതെന്ന് ആർഎംഎ ഭാരവാഹികൾ പറഞ്ഞു. പ്രവാസികൾക്കിടയിൽ ആത്മവിശ്വാസം പകരുന്ന ഇത്തരം പ്രവർത്തനങ്ങൾ വരുംദിവസങ്ങളിലും ശക്തമായി തുടരുമെന്നും സംഘടന വ്യക്തമാക്കി.




