തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് ശക്തമായ സാഹചര്യത്തിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് പ്രത്യേക പരിശോധനകൾ ശക്തമാക്കിയതായി ആരോഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ചു. കുടിവെള്ളം, ജ്യൂസ് കടകൾ, ജ്യൂസ് നിർമ്മാണ യൂണിറ്റുകൾ എന്നിവയാണ് പ്രധാനമായും പരിശോധനയ്ക്ക് വിധേയമാക്കുന്നത്. മാർച്ച് 1 മുതൽ 3641 പരിശോധനകൾ നടത്തിയിട്ടുണ്ട്. ഇതിൽ 291 സ്ഥാപനങ്ങൾക്ക് റെക്ടിഫിക്കേഷൻ നോട്ടീസും 219 സ്ഥാപനങ്ങൾക്ക് കോമ്പൗണ്ടിംഗ് നോട്ടീസും നൽകി.
ജ്യൂസ്, കൂൾ ഡ്രിങ്ക്സ്, സോഫ്റ്റ് ഡ്രിങ്ക്സ് എന്നിവയുടെ 506 സർവൈലൻസ് സാമ്പിളുകളും കുടിവെള്ളം, കുപ്പിവെള്ളം എന്നിവയുടെ 118 സാമ്പിളുകളും 36 സ്റ്റാറ്റിയൂട്ടറി സാമ്പിളുകളും 2 സബ് സ്റ്റാൻഡേർഡ് സാമ്പിളുകളും ശേഖരിച്ചു. പരിശോധനകൾ തുടർന്നും ശക്തമായി നടത്തുമെന്ന് മന്ത്രി വ്യക്തമാക്കി.
വേനൽക്കാലമായതിനാൽ ദാഹം തോന്നിയില്ലെങ്കിലും കൂടുതൽ വെള്ളം കുടിക്കണമെന്ന് ആരോഗ്യവകുപ്പ് നിർദേശിച്ചു. സുരക്ഷിതമല്ലാത്ത വെള്ളവും ഭക്ഷണവും ഒഴിവാക്കണമെന്നും മുന്നറിയിപ്പ് നൽകി. കുപ്പിവെള്ളത്തിന്റെ ശുദ്ധത ഉറപ്പാക്കുന്നതിനായി പരിശോധനകൾ കൂടുതൽ ശക്തമാക്കും. ജില്ലകളിൽ ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണർമാരുടെ നേതൃത്വത്തിലുള്ള സ്ക്വാഡുകളാണ് പരിശോധന നടത്തുന്നത്. വഴിയോര കടകൾ ഉൾപ്പെടെ എല്ലാ സ്ഥാപനങ്ങളും പരിശോധിക്കുന്നുണ്ട്. ഷവർമ ഉൾപ്പെടെയുള്ള ഭക്ഷ്യവസ്തുക്കൾ വിൽക്കുന്ന ഇടങ്ങളിലും പരിശോധന ശക്തമാക്കിയിട്ടുണ്ട്.
ജ്യൂസിൽ ഉപയോഗിക്കുന്ന ഐസ് വേനൽക്കാലത്ത് പ്രധാന അപകടകാരണമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. മലിനജലത്തിൽ നിന്നുള്ള ഐസ് പല രോഗങ്ങൾക്കും കാരണമാകാം. അതിനാൽ ശുദ്ധജലം ഉപയോഗിച്ച് മാത്രമേ ഐസ് തയ്യാറാക്കാവൂ. ജ്യൂസ് വാങ്ങുമ്പോൾ ഉപയോഗിക്കുന്ന ഐസ് ശുദ്ധമാണെന്ന് ഉറപ്പാക്കണം.
ചൂടുകാലത്ത് ഭക്ഷണം വേഗത്തിൽ കേടാകുന്നതിനാൽ പ്രത്യേകം ശ്രദ്ധ വേണം. ഭക്ഷണവും വെള്ളവും മൂടിവെക്കണം. പാഴ്സൽ ഭക്ഷണങ്ങളിൽ തീയതിയും സമയവും രേഖപ്പെടുത്തിയ സ്റ്റിക്കർ പതിപ്പിക്കണം. നിശ്ചിത സമയം കഴിഞ്ഞ ഭക്ഷണം കഴിക്കരുത്. തിളപ്പിച്ച വെള്ളം കുടിക്കാൻ ശ്രദ്ധിക്കണം. യാത്രയ്ക്കിടെ വെള്ളം കരുതുന്നതും ആവശ്യമാണ്. അംഗീകൃതമല്ലാത്തതോ വ്യാജമോ ആയ കുപ്പിവെള്ളം വിൽക്കുന്നത് കണ്ടെത്തിയാൽ കർശന നടപടി സ്വീകരിക്കും.
കുപ്പിവെള്ളം ഉപയോഗിക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കണം:
- ബോട്ടിലിന്റെ സീൽ പൊട്ടിയിട്ടില്ലെന്ന് ഉറപ്പാക്കണം.
- അടപ്പ് തകർന്ന നിലയിലുള്ള വെള്ളം ഉപയോഗിക്കരുത്.
- വലിയ കാനുകളിലും സീൽ ഉറപ്പാക്കണം.
- വെയിലേറ്റ് കിടക്കുന്ന കുപ്പിവെള്ളം, ശീതളപാനീയങ്ങൾ എന്നിവ വാങ്ങുന്നത് ഒഴിവാക്കണം.
- പ്ലാസ്റ്റിക് കുപ്പികൾ വെയിലിൽ തൂക്കിയിടുകയോ വാഹനങ്ങളിൽ വെയിലേറ്റുന്ന വിധത്തിൽ കൊണ്ടുപോകുകയോ ചെയ്യരുത്.
ഇത്തരത്തിലുള്ള പാനീയങ്ങൾ ആരോഗ്യ പ്രശ്‌നങ്ങൾക്ക് ഇടയാക്കാനിടയുള്ളതിനാൽ പൊതുജനം ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് നിർദേശിച്ചു.




