നദിയാദ്: ഗുജറാത്തിലെ നദിയാദിൽ കൈക്കൂലി വാങ്ങിയ രണ്ട് സെൻട്രൽ ഗുഡ്സ് ആൻഡ് സർവീസസ് ടാക്സ് (CGST) ഉദ്യോഗസ്ഥർ അറസ്റ്റിലായി. നദിയാദ് സെൻട്രൽ ജി.എസ്.ടി ഓഫീസിലെ സൂപ്രണ്ട് അമർനാഥ് ഗോവർദ്ധൻറാം സരോജ്, ഇൻസ്പെക്ടർ സുബോധ് സുഭാഷ് ചൗഹാൻ എന്നിവരെയാണ് അഴിമതി വിരുദ്ധ ബ്യൂറോ (ACB) അറസ്റ്റ് ചെയ്തത്.
പിടിച്ചെടുത്ത ട്രാൻസ്പോർട്ട് വാഹനം വിട്ടുനൽകുന്നതിനായി 55 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടതും, അതിന്റെ ആദ്യ ഗഡു ഓഫീസിനുള്ളിൽ വെച്ച് സ്വീകരിക്കുന്നതിനിടെയുമാണ് ഇരുവരും പിടിയിലായത്.
ട്രാൻസ്പോർട്ട് ബിസിനസുമായി ബന്ധപ്പെട്ട പരാതിക്കാരന്റെ ചരക്കുമായി എത്തിയ ട്രക്ക് CGST അധികൃതർ പിടിച്ചെടുത്തിരുന്നു.
തുടർന്ന് വാഹനം പരിശോധനയ്ക്കായി നദിയാദ് ജി.എസ്.ടി ഓഫീസിലേക്ക് മാറ്റി. വാഹനം വിട്ടുകിട്ടുന്നതിനായി സമീപിച്ചപ്പോൾ ചരക്കിന്റെ ജി.എസ്.ടി രേഖകളിൽ തകരാറുണ്ടെന്ന് ആരോപിച്ച ഉദ്യോഗസ്ഥർ, നിയമപരമായ നടപടികൾ ഒഴിവാക്കാൻ 55 ലക്ഷം രൂപ ആവശ്യപ്പെടുകയായിരുന്നു.
ഇതിൽ ആദ്യ ഗഡുവായി 10 ലക്ഷം രൂപ ഉടൻ നൽകണമെന്ന് നിർബന്ധിച്ചതായും പരാതിയിൽ പറയുന്നു. തുടർന്നുള്ള അന്വേഷണത്തിനിടയിലാണ് അഴിമതി വിരുദ്ധ ബ്യൂറോ നടപടി സ്വീകരിച്ച് ഇരുവരെയും അറസ്റ്റ് ചെയ്തത്.






