ജമ്മു: ജമ്മു കശ്മീരിലെ ഉധംപൂർ ജില്ലയിൽ യാത്രാബസ് മലയിടുക്കിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ 15 പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരിൽ പലരുടെയും നില ഗുരുതരമായതിനാൽ മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു.
തിങ്കളാഴ്ച രാവിലെ പത്ത് മണിയോടെ രാംനഗർ മേഖലയിലെ കഗോർട്ട് ഗ്രാമത്തിന് സമീപമുള്ള കുത്തനെയുള്ള ഇറക്കത്തിൽവെച്ചാണ് അപകടം നടന്നത്. ഉധംപൂരിലേക്ക് വരികയായിരുന്ന ബസ് വളവ് തിരിയുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട് കുന്നിൻ മുകളിൽ നിന്ന് താഴേക്ക് മറിയുകയായിരുന്നു.
അപകടം നടന്നതോടെ പ്രദേശവാസികളാണ് ആദ്യം രക്ഷാപ്രവർത്തനം ആരംഭിച്ചത്. തുടർന്ന് പൊലീസിന്റെ നേതൃത്വത്തിൽ വ്യാപകമായ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.
പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റി. ഗുരുതരമായി പരിക്കേറ്റവർക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാൻ ജില്ലാ ഭരണകൂടം നിർദേശം നൽകിയിട്ടുണ്ട്. ദുർഘടമായ പാതയും മോശം കാലാവസ്ഥയും രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയാകുന്നുവെന്ന് അധികൃതർ അറിയിച്ചു.




