കോട്ടയം: മറവൻതുരുത്ത് പഞ്ചായത്തിലെ ഇടവട്ടം വെസ്റ്റ് കായിക്കേരി പാടശേഖരത്തിൽ വൻ തീപിടിത്തം. ഏകദേശം 100 ഏക്കർ വരുന്ന തരിശ് പാടശേഖരത്തിലാണ് ഞായറാഴ്ച ഉച്ചയ്ക്ക് 12ഓടെ തീപിടിച്ചത്. പാടശേഖരത്തിൽ നിന്ന് പുകയും തീയും ഉയരുന്നത് കണ്ട നാട്ടുകാർ ഗ്രാമപഞ്ചായത്ത് അംഗത്തെ വിവരമറിയിച്ചതോടെ അഗ്നിരക്ഷാസേന സ്ഥലത്തെത്തി.
എന്നാൽ ഫയർഫോഴ്സ് വാഹനങ്ങൾക്ക് പ്രവേശന സൗകര്യം കുറവായതിനാൽ രക്ഷാപ്രവർത്തനം ദുഷ്‌കരമായി. തുടർന്ന് സമീപത്തുള്ള തോട്ടിയിൽ നിന്ന് ഫ്ലോട്ടിംഗ് പമ്പ് ഉപയോഗിച്ച് വെള്ളം എത്തിച്ചാണ് തീ നിയന്ത്രണ വിധേയമാക്കിയത്.
ഏകദേശം 20 ഏക്കറോളം സ്ഥലത്ത് തീ പടർന്നു. അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്ന് നാലുമണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണത്തിലായത്. പാടശേഖരത്തിൽ മേയാൻ വിട്ടിരുന്ന വളർത്തുമൃഗങ്ങളെ സമയബന്ധിതമായി മാറ്റിയതും സമീപ വീടുകളിലേക്ക് തീ പടരാതിരുന്നതും വലിയ ദുരന്തം ഒഴിവാക്കാൻ സഹായിച്ചു.കുട്ടനാടൻ പാക്കേജിൽ ഉൾപ്പെടുത്തി കൃഷി ആരംഭിക്കാൻ ശ്രമിച്ചിരുന്ന പ്രദേശമാണിത്. സമീപത്ത് ആരോ കത്തിച്ച തീ പടർന്നതാകാമെന്നാണ് പ്രാഥമിക സംശയം.




