കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ വോട്ടിംഗ് മെഷീനുകൾ സൂക്ഷിച്ചിരിക്കുന്ന സ്ട്രോങ്ങ് റൂം തുറന്നതായി യുഡിഎഫ്. വെള്ളിമാടുകുന്ന് ജെഡിടിയിൽ സൂക്ഷിച്ചിരുന്ന 7 മണ്ഡലങ്ങളിലെ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളുമായി ബന്ധപ്പെട്ടതാണ് ആരോപണം. എന്നാൽ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ ഇത് നിഷേധിച്ചു. തുറന്നത് സ്ട്രോങ്ങ് റൂം അല്ലെന്നും പോളിംഗ് സാമഗ്രികൾ സൂക്ഷിച്ചിരുന്ന മറ്റൊരു മുറിയാണെന്നും അധികൃതർ വ്യക്തമാക്കി.
പേരാമ്പ്ര നിയോജക മണ്ഡലത്തിലെ പോളിംഗ് സാമഗ്രികളുടെ പരിശോധനയുടെ ഭാഗമായി മെറ്റീരിയൽസ് റൂം തുറന്നതാണെന്ന് റിട്ടേണിംഗ് ഓഫീസർ അറിയിച്ചു. രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ സാന്നിധ്യത്തിലാണ് നടപടികൾ നടന്നതെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി. ആശയക്കുഴപ്പം മൂലമായിരിക്കാം നേതാക്കൾ തെറ്റായ പരാതി ഉന്നയിച്ചതെന്നും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.




