തൊടുപുഴ: ഏലപ്പാറ ചെമ്മണ്ണിൽ നടന്ന കുടിയൊഴിപ്പിക്കൽ നടപടി താൽക്കാലികമായി നിർത്തിവെച്ച് ഉദ്യോഗസ്ഥർ. ആത്മഹത്യാ ഭീഷണി ഉയർന്നതിനെ തുടർന്നാണ് രണ്ട് വീടുകൾ ഒഴിപ്പിക്കാനുള്ള നടപടി അവസാനിപ്പിച്ചത്.
ഹൈക്കോടതി നിർദേശത്തെ തുടർന്ന് 22-ൽ ഉൾപ്പെട്ട രണ്ട് വീടുകൾ ഒഴിപ്പിക്കാനായിരുന്നു ഉദ്യോഗസ്ഥർ എത്തിയത്. വാതിൽ പൊളിച്ച് അകത്ത് കയറുന്നതിനുള്ള ഉത്തരവുമായാണ് സംഘം സ്ഥലത്തെത്തിയത്. എന്നാൽ തുടർ നടപടികൾ പിന്നീട് തുടരാനില്ലാതെ ഉദ്യോഗസ്ഥർ മടങ്ങുകയായിരുന്നു.
ഹെലിബറിയ എസ്റ്റേറ്റിന് അനുകൂലമായ കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലായിരുന്നു ഒഴിപ്പിക്കൽ നടപടികൾ. അതേസമയം, തങ്ങൾക്ക് സ്ഥലത്തിന് പട്ടയം ലഭിച്ചിട്ടുണ്ടെന്ന് കുടിയൊഴിപ്പിക്കപ്പെടുമെന്ന് ഭയന്ന കുടുംബം ആരോപിച്ചു.
ലൈഫ് മിഷൻ പദ്ധതിയിൽ ലഭിച്ച വീടാണെന്നും കരം അടയ്ക്കുന്നുണ്ടെന്നും വീട്ടുകാർ പറഞ്ഞു. പോലീസ് ഗുണ്ടകളെ പിന്തുണയ്ക്കുന്നുവെന്ന ആരോപണവും അവർ ഉന്നയിച്ചു. പുറത്താക്കിയാൽ ആത്മഹത്യ ചെയ്യുമെന്ന് കുടുംബം ഭീഷണി മുഴക്കിയതോടെയാണ് നടപടി താൽക്കാലികമായി നിർത്തിവെച്ചത്.





