കോഴിക്കോട്: താമരശ്ശേരിയിൽ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിശ്രുത വരനെതിരെ ഗുരുതര ആരോപണങ്ങളുമായി കുടുംബം രംഗത്ത്. വിവാഹത്തിൽ നിന്ന് പിന്മാറിയതാണ് മകൾ ആത്മഹത്യ ചെയ്യാൻ കാരണമായതെന്നാണ് നന്ദന പ്രദീപിന്റെ മാതാപിതാക്കളും ബന്ധുക്കളും ആരോപിക്കുന്നത്.
കഴിഞ്ഞ എട്ടാം തീയതിയാണ് താമരശ്ശേരി അമ്പായത്തോട് മിച്ചഭൂമിയിൽ താമസിക്കുന്ന പ്രദീപ് കുമാർ–ബിന്ദു ദമ്പതികളുടെ മകൾ നന്ദന പ്രദീപ് (22)യെ വീട്ടിലെ ഡൈനിങ് ഹാളിലെ ഫാനിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. വിവാഹ നിശ്ചയത്തിനായുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നതിനിടെയായിരുന്നു സംഭവം.
കോഴിക്കോട് ഒരു മാളിൽ വച്ചാണ് ചൈനീസ് ഷെഫായ കൊണ്ടോട്ടി പുളിക്കൽവയൽ സ്വദേശി അഭിനവുമായി നന്ദന പരിചയപ്പെടുന്നത്. തുടർന്ന് ഇരുവരും സൗഹൃദത്തിലാവുകയും പിന്നീട് വിവാഹ താൽപര്യം പ്രകടിപ്പിക്കുകയും ചെയ്തു. ഇരു കുടുംബങ്ങളുടെയും സമ്മതത്തോടെ വിവാഹ ഒരുക്കങ്ങൾ ആരംഭിക്കുകയും വളയിടൽ ചടങ്ങിന്റെ തീയതി നിശ്ചയിക്കുകയും ചെയ്തിരുന്നു.
എന്നാൽ ഇതിനിടെയാണ് വിവാഹത്തിന് താൽപര്യമില്ലെന്ന് അഭിനവ് നന്ദനയെ അറിയിച്ചതെന്നാണ് കുടുംബം പറയുന്നത്. ഈ സംഭവത്തിൽ മാനസികമായി തകർന്നതിനെ തുടർന്നാണ് നന്ദന ജീവനൊടുക്കിയതെന്നാണ് ബന്ധുക്കളുടെ ആരോപണം.
അഭിനവ് നിരന്തരം ബോഡി ഷെയ്മിങ് നടത്തിയിരുന്നുവെന്നും പെരുമാറ്റത്തെക്കുറിച്ച് മോശമായി സംസാരിച്ചിരുന്നുവെന്നും നന്ദനയുടെ സഹോദരി ആരോപിച്ചു. കൂടാതെ, അഭിനവിന്റെ വീട്ടുകാരും വിദേശത്തുള്ള പിതാവും നേരത്തെ സ്ഥിരമായി ഫോണിൽ ബന്ധപ്പെട്ടിരുന്നെങ്കിലും നന്ദനയുടെ മരണശേഷം കുടുംബത്തെ സന്ദർശിക്കുകയോ ബന്ധപ്പെടുകയോ ചെയ്തിട്ടില്ലെന്നും ബന്ധുക്കൾ പറഞ്ഞു.
സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം തുടരുകയാണ്.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക,അതിജീവിക്കാൻ ശ്രമിക്കുക. അത്തരം ചിന്തകളുള്ളപ്പോൾ ‘ദിശ’ ഹെൽപ്പ് ലൈനിൽ വിളിക്കുക.Toll free helpline number: 1056, 0471-2552056)




