കണ്ണൂർ: കണ്ണൂരിൽ പാലത്തിൽ നിന്ന് പുഴയിൽ ചാടിയ യുവാവിനെ അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്ന് രക്ഷപ്പെടുത്തി. എഴിലോട് സ്വദേശിയായ ശ്രീനന്ദ് (21) ആണ് കാര താലിച്ചാലം പാലത്തിൽ നിന്ന് അർധരാത്രിയിൽ ചാടിയത്. യുവാവിനൊപ്പം ബൈക്കിൽ ഉണ്ടായിരുന്ന പെൺകുട്ടി ബഹളം വച്ചതിനെ തുടർന്ന് നാട്ടുകാർ പയ്യന്നൂർ അഗ്നിരക്ഷാസേനയെ വിവരം അറിയിച്ചു. തുടർന്ന് അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്ന് തിരച്ചിൽ ആരംഭിച്ചു.
ഏകദേശം 200 മീറ്റർ ഒഴുകിപ്പോയ നിലയിൽ അവശനിലയിൽ യുവാവിനെ കണ്ടെത്തി. തുടർന്ന് പയ്യന്നൂർ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇപ്പോൾ യുവാവ് അപകടനില തരണം ചെയ്തതായി അറിയുന്നു. സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ പി.വി. ദയാൽ, ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ പി.കെ. അജിത്കുമാർ എന്നിവരുടെ നേതൃത്വത്തിൽ ഫയർ ആൻഡ് റെസ്ക്യൂ ഉദ്യോഗസ്ഥരും ഹോം ഗാർഡുകളും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.




