ഡെറാഡൂണ്‍: കുട്ടികളുടെ സംരക്ഷണത്തിനായുള്ള നിയമപരമായ ബാധ്യതകളില്‍ നിന്ന് പിതാവിന് ഒഴിഞ്ഞുമാറാന്‍ കഴിയില്ലെന്ന് ഉത്തരാഖണ്ഡ് ഹൈക്കോടതി. കുട്ടിയുടെ അമ്മയ്ക്ക് വരുമാനമുണ്ടെന്ന കാരണത്താലോ, തനിക്ക് ലോണ്‍ തിരിച്ചടവോ കുടുംബപരമായ മറ്റ് ഉത്തരവാദിത്തങ്ങളോ ഉണ്ടെന്ന് കാട്ടിയോ പിതാവിന് മാറിനില്‍ക്കാന്‍ കഴിയില്ലെന്നും കോടതി വ്യക്തമാക്കി.
പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ സംരക്ഷിക്കുക എന്ന ചുമതല മറ്റെല്ലാ കാര്യങ്ങളേക്കാളും മുന്‍ഗണന അര്‍ഹിക്കുന്ന ഒന്നാണ്, സ്വന്തം ഇഷ്ടപ്രകാരം ഏറ്റെടുത്ത സാമ്പത്തിക ബാധ്യതകള്‍ ചൂണ്ടിക്കാട്ടി ഇതില്‍ നിന്ന് ഒഴിയാന്‍ കഴിയില്ലെന്നും കോടതി നിരീക്ഷിച്ചു. പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്ക് ഇടക്കാല സംരക്ഷണച്ചെലവ് അനുവദിച്ചുകൊണ്ടുള്ള റൂര്‍ക്കി ഫാമിലി കോടതിയുടെ ഉത്തരവിനെതിരെ സമര്‍പ്പിച്ച ക്രിമിനല്‍ റിവിഷന്‍ ഹര്‍ജി ജസ്റ്റിസ് ആശിഷ് നൈതാനി തള്ളി.


