ന്യൂഡൽഹി: കുംഭമേളയിൽ വൈറലായ യുവതിയുടെ വിവാദ വിവാഹവുമായി ബന്ധപ്പെട്ട് ഫർമാനെതിരെ പോക്സോ നിയമവും പട്ടികവർഗ്ഗ അതിക്രമ നിരോധന നിയമവും പ്രകാരം കേസ് രജിസ്റ്റർ ചെയ്യാൻ ദേശീയ പട്ടികവർഗ്ഗ കമ്മീഷൻ നിർദ്ദേശം നൽകിയതായി പരാതിക്കാരനായ പ്രഥം ദുബൈ അറിയിച്ചു. മധ്യപ്രദേശ് പൊലീസിനാണ് ഇതുസംബന്ധിച്ച നിർദേശം നൽകിയിരിക്കുന്നത്.
ആവശ്യമായ രേഖകൾ ലഭിച്ചാൽ കേസെടുക്കാമെന്ന് കേരള പൊലീസും വ്യക്തമാക്കിയതായി അദ്ദേഹം പറഞ്ഞു. അറസ്റ്റ് വൈകുന്നതിനെ കുറിച്ച് കമ്മീഷൻ അധ്യക്ഷൻ ചോദ്യം ഉയർത്തിയതായും, ഇരു സംസ്ഥാനങ്ങളിലെ പൊലീസിന്റെ നടപടികളിൽ അസന്തോഷം രേഖപ്പെടുത്തിയതായും പരാതിക്കാരൻ കൂട്ടിച്ചേർത്തു.
ഇതിനിടെ, മകളെ നിർബന്ധിച്ച് മൊഴി നൽകിപ്പിക്കുന്നുവെന്നാരോപിച്ച് പെൺകുട്ടിയുടെ പിതാവ് രംഗത്തെത്തി. സിനിമയിൽ അവസരം നൽകാമെന്ന് പറഞ്ഞ് ഫർമാൻ തന്നെ തെറ്റിദ്ധരിപ്പിച്ചിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. മകളെ വേഗത്തിൽ വീട്ടിലെത്തിക്കണമെന്ന് അമ്മയും ആവശ്യപ്പെട്ടു.
അതേസമയം, കേസിൽ അന്വേഷണം പൂർത്തിയായിട്ടില്ലെന്ന് മധ്യപ്രദേശ് പൊലീസ് കമ്മീഷനെ അറിയിക്കും. പെൺകുട്ടി പ്രായപൂർത്തിയാകാത്തവളാണെന്നതാണ് നിലവിലെ കണ്ടെത്തൽ. ഇതുവരെ പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്താൻ സാധിച്ചിട്ടില്ലെന്നും ശ്രമം തുടരുകയാണെന്നും പൊലീസ് വ്യക്തമാക്കി. മൊഴി ലഭിച്ചതിന് ശേഷമേ കൂടുതൽ വകുപ്പുകൾ ചുമത്താനാകൂ എന്നും അറിയിച്ചു.
വിവാദവുമായി ബന്ധപ്പെട്ട് മധ്യപ്രദേശ് പൊലീസും കേരള പൊലീസും ഇന്ന് ദേശീയ പട്ടികവർഗ്ഗ കമ്മീഷന് മുന്നിൽ റിപ്പോർട്ട് സമർപ്പിക്കും. കേരള പൊലീസിന്റെ ഭാഗത്ത് നിന്ന് ഡിജിപിക്ക് പകരം തിരുവനന്തപുരം റേഞ്ച് ഡിഐജി ഹിമേന്ദ്രനാഥ് ഐപിഎസ് ഹാജരാകും. നിലവിലെ ദുരന്ത സാഹചര്യങ്ങൾ പരിഗണിച്ചാണ് ഡിജിപി നേരിട്ട് ഹാജരാകാത്തത്.
വിവാഹം നിയമപരമാണെന്ന നിലപാടിലാണ് കേരള പൊലീസ്. വരനും വധുവും ഹാജരാക്കിയ രേഖകൾ പ്രകാരം ഇരുവർക്കും 18 വയസ്സ് തികഞ്ഞതായി കണ്ടെത്തിയതായി സംസ്ഥാന പൊലീസ് അറിയിച്ചു. എന്നാൽ, യുവതി പ്രായപൂർത്തിയാകാത്തവളാണെന്ന നിലപാടിലാണ് മധ്യപ്രദേശ് പൊലീസ് തുടരുന്നത്. കേരളത്തിലെത്തിയ മധ്യപ്രദേശ് പൊലീസ് സംഘത്തിന് യുവതിയുടെ മൊഴി രേഖപ്പെടുത്താൻ സാധിച്ചിട്ടില്ലെന്നും, അന്വേഷണം തുടരുകയാണെന്നും അധികൃതർ വ്യക്തമാക്കി.




