തിരുവനന്തപുരം: ചിറയിൻകീഴിൽ പാമ്പുകടിയേറ്റ് എട്ട് വയസുകാരൻ മരിച്ചു. അഴൂർ മൂലേൽ വീട്ടിൽ അനുവിന്റെ മകൻ ദിക്ഷലാണ് മരിച്ചത്. ഇന്ന് പുലർച്ചെയായിരുന്നു സംഭവം. ഉറങ്ങിക്കിടക്കുന്നതിനിടെയാണ് കുട്ടിക്ക് പാമ്പ് കടിയേറ്റത്. കാലിൽ എന്തോ കടിച്ചതായി കുട്ടി പറഞ്ഞതായാണ് വിവരം. തുടർന്ന് കുട്ടിയെ ഉടൻ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. പിന്നീട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ കുട്ടി മരിക്കുകയായിരുന്നു. വീട്ടിൽ നിന്ന് മൂർഖൻ പാമ്പിനെ പിടികൂടിയിട്ടുണ്ട്. കുട്ടിയുടെ മൃതദേഹം ഇപ്പോൾ മെഡിക്കൽ കോളജ് ആശുപത്രിയിലാണ്. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറും.




