ചെന്നൈ: തമിഴ്നാട്ടിൽ വോട്ടെടുപ്പ് പുരോഗമിക്കുന്നു. രാവിലെ ഏഴുമണിക്ക് ആരംഭിച്ച വോട്ടെടുപ്പിൽ ഒൻപതുമണിവരെയുള്ള കണക്കുപ്രകാരം 17.69 ശതമാനം പോളിംഗ് രേഖപ്പെടുത്തി. സംസ്ഥാനത്ത് 5.73 കോടി വോട്ടർമാരുണ്ട്. 234 അംഗ നിയമസഭയിലേക്ക് 4023 സ്ഥാനാർഥികളാണ് മത്സരിക്കുന്നത്. ഭരണത്തുടർച്ച ലക്ഷ്യമിട്ട് ഡിഎംകെയും തിരിച്ചുവരവിന് എഐഎഡിഎംകെയും രംഗത്തുണ്ട്. കൂടാതെ നടൻ വിജയിന്റെ നേതൃത്വത്തിലുള്ള ടിവികെയും ശ്രദ്ധേയമായ സാന്നിധ്യമാണ്.
മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ചെന്നൈയിലെ എസ്‌ഐഇടി കോളേജിലെ പോളിംഗ് സ്റ്റേഷനിൽ വോട്ട് രേഖപ്പെടുത്തി. ഭാര്യ ദുർഗയും മകനും ഉപമുഖ്യമന്ത്രിയുമായ ഉദയനിധിയും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. “ഈ തിരഞ്ഞെടുപ്പിൽ തമിഴ്നാട് വിജയിക്കും” എന്നാണ് സ്റ്റാലിന്റെ പ്രതികരണം.
ഇതിനിടെ, ടി.വി.കെ. അധ്യക്ഷനായ വിജയ് വോട്ടെടുപ്പ് സമയം രണ്ട് മണിക്കൂർ കൂടി നീട്ടണമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷനോട് ആവശ്യപ്പെട്ടു. ഗതാഗത തടസ്സവും തിരക്കും കാരണം പലർക്കും വോട്ട് ചെയ്യാൻ ബുദ്ധിമുട്ടുണ്ടാകുന്നുവെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം, സേലം അരിസിപാളയത്തെ ഒരു ബൂത്തിൽ എഐഎഡിഎംകെ-ഡിഎംകെ പ്രവർത്തകർ തമ്മിൽ സംഘർഷവും റിപ്പോർട്ട് ചെയ്തു.






