കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ ആത്മഹത്യ കേസിൽ പ്രതിയായ അധ്യാപിക ഡോ. സംഗീത നമ്പ്യാർക്ക് തലശ്ശേരി അഡീഷണൽ സെഷൻസ് കോടതി മുൻകൂർ ജാമ്യം അനുവദിച്ചതിനെതിരെ കുടുംബം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
സംഗീതയും ഒന്നാം പ്രതിയായ ഡോ. എം.കെ. റാമിനെപ്പോലെ തന്നെ കുറ്റവാളിയാണെന്നും ഇവർക്കുള്ള ജാമ്യം അംഗീകരിക്കാനാവില്ലെന്നും നിതിന്റെ പിതാവ് പറഞ്ഞു. നിതിനെ നിരന്തരം മാനസികമായി പീഡിപ്പിച്ചതിന് തെളിവുകൾ പൊലീസിന് നൽകിയിരുന്നുവെങ്കിലും പ്രതികളുമായി പൊലീസ് ഒത്തുകളിക്കുകയാണെന്ന് കുടുംബം ആരോപിച്ചു.
മരണത്തിന് 16-ാം ദിവസമാണ് കോടതി വിധി വന്നത്. ഡോ. എം.കെ. റാമിന് ജാമ്യം നിഷേധിച്ച കോടതി, ജാതി വിവരങ്ങൾ തെറ്റായി അവതരിപ്പിക്കാൻ ശ്രമിച്ചുവെന്ന് കണ്ടെത്തി. ഇയാൾ ഒബിസി വിഭാഗക്കാരനാണെന്ന് പ്രോസിക്യൂഷൻ തെളിയിച്ചതോടെ ജാതി അധിക്ഷേപവുമായി ബന്ധപ്പെട്ട വകുപ്പുകൾ നിലനിൽക്കുമെന്നും കോടതി നിരീക്ഷിച്ചു.
ക്ലാസ്സിനകത്തും പുറത്തും നിതിനെ നിരന്തരം ഉപദ്രവിച്ചിരുന്നതായി സഹപാഠികളും മൊഴി നൽകിയിട്ടുണ്ട്. മുമ്പ് സമാന പരാതികളിൽ സസ്പെൻഷനിലായിരുന്ന ഡോ. റാമിനെയും ഡോ. സംഗീതയെയും സംഭവത്തിന് പിന്നാലെ കോളേജ് പുറത്താക്കിയിരുന്നു.






