ന്യൂഡൽഹി: ബിജെപിയിൽ ചേർന്ന ഏഴ് രാജ്യസഭാ എംപിമാരെ അയോഗ്യരാക്കണമെന്നാവശ്യപ്പെട്ട് എഎപി രാജ്യസഭാ ചെയർമാൻ സി.പി. രാധാകൃഷ്ണന് അപേക്ഷ നൽകി. പാർട്ടിയുടെ മുതിർന്ന നേതാവും എംപിയുമായ സഞ്ജയ് സിങ്ങാണ് ഞായറാഴ്ച കത്ത് സമർപ്പിച്ചത്. ബന്ധപ്പെട്ട എംപിമാരുടെ നീക്കം കൂറുമാറ്റ നിരോധന നിയമത്തിന്റെ വ്യക്തമായ ലംഘനമാണെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ ആരോപിച്ചു.
വെള്ളിയാഴ്ചയാണ് രാഘവ് ഛദ്ദ, അശോക് മിത്തൽ, സന്ദീപ് പാഠക്, ഹർഭജൻ സിങ്, രാജേന്ദ്ര ഗുപ്ത, വിക്രം സാഹ്നി, സ്വാതി മലിവാൾ എന്നിവർ എഎപിയിൽ നിന്ന് രാജിവെച്ച് ബിജെപിയിൽ ചേരുന്നതായി പ്രഖ്യാപിച്ചത്. അരവിന്ദ് കെജ്‌രിവാളിന്റെ നേതൃത്വത്തിലുള്ള പാർട്ടി അടിസ്ഥാന തത്വങ്ങളിൽ നിന്നും വഴിതെറ്റിയെന്നാണ് ഇവരുടെ ആരോപണം.
അതേസമയം, രാജ്യസഭയിലെ എഎപി അംഗങ്ങളിൽ മൂന്നിൽ രണ്ടുപേർ മറ്റൊരു പാർട്ടിയിൽ ചേർന്നതിനാൽ കൂറുമാറ്റ നിരോധന നിയമപ്രകാരം അയോഗ്യത ബാധകമല്ലെന്നാണ് രാഘവ് ഛദ്ദ ഉൾപ്പെടെയുള്ളവരുടെ വാദം. നിലവിൽ രാജ്യസഭയിൽ എഎപിക്ക് 10 അംഗങ്ങളാണുള്ളത്, ഇതിൽ ഏഴുപേരാണ് ബിജെപിയിൽ ചേർന്നത്.
എന്നാൽ, മുതിർന്ന അഭിഭാഷകനും എംപിയുമായ കപിൽ സിബൽ ഉൾപ്പെടെ ഭരണഘടനാ വിദഗ്ധരുമായി കൂടിക്കാഴ്ച നടത്തിയതായും, ബന്ധപ്പെട്ട എംപിമാർക്ക് അയോഗ്യത നേരിടേണ്ടി വരാമെന്ന നിയമോപദേശം ലഭിച്ചതായും സഞ്ജയ് സിങ് വ്യക്തമാക്കി.




