കൊച്ചി: ജോലി വാഗ്ദാനം നൽകി ദളിത് യുവതിയെ പീഡിപ്പിച്ചെന്ന കേസിൽ പ്രതിയായ പാലക്കാട് നഗരസഭ കോൺഗ്രസ് കൗൺസിലർ പ്രശോഭ് വത്സൻ മുൻകൂർ ജാമ്യത്തിനായി കേരള ഹൈക്കോടതിയെ സമീപിച്ചു. പട്ടികജാതി-പട്ടികവർഗ്ഗ അതിക്രമ നിരോധന നിയമപ്രകാരം ചുമത്തിയ കുറ്റങ്ങൾ നിലനിൽക്കില്ലെന്നാണ് ഹർജിയിലെ പ്രധാന വാദം.
പരാതിയിൽ പറയുന്ന ആരോപണം ജോലി വാഗ്ദാനവുമായി ബന്ധപ്പെട്ടതാണെന്നും അതിൽ ജാതി ഘടകമായി ഉൾപ്പെടുന്നില്ലെന്നും അതിനാൽ എസ്.സി/എസ്.ടി നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്യാനാവില്ലെന്നും പ്രശോഭ് ഹർജിയിൽ വ്യക്തമാക്കുന്നു. പരാതിക്കാരിയുമായി ദീർഘകാലമായി പരിചയവും അടുപ്പവും ഉണ്ടായിരുന്നു; ഈ ബന്ധം പുറത്തറിയപ്പെട്ടതിനെ തുടർന്നാണ് പരാതി ഉയർന്നതെന്നും അദ്ദേഹം ആരോപിക്കുന്നു.
ഹർജി പരിഗണിച്ച ഹൈക്കോടതി വിഷയത്തിൽ പോലീസിനോട് വിശദമായ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. കൂടുതൽ വാദം കേൾക്കുന്നതിനായി കേസ് മെയ് 5-ലേക്ക് മാറ്റി. ഇതിനിടെ, പ്രശോഭിനെതിരെ യുവതി ഗുരുതര ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. സംഭവം പുറത്ത് വന്നതിനെ തുടർന്ന് പ്രതി ഒളിവിൽ പോയതായും റിപ്പോർട്ടുകൾ പറയുന്നു.




