കോഴിക്കോട്: തിരുവള്ളൂരിൽ പ്രസവിച്ച് 20 ദിവസം മാത്രം പ്രായമായ യുവതിയുടെ വീട്ടിൽ പാതിരാത്രി പൊലീസ് കയറി അതിക്രമം കാട്ടിയ സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. സംഭവത്തെക്കുറിച്ച് റൂറൽ എസ്പി അന്വേഷണം നടത്തി 15 ദിവസത്തിനകം വിശദമായ റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ഉത്തരവിട്ടു. പ്രദേശത്തെ രാഷ്ട്രീയ സംഘർഷങ്ങളുമായി ബന്ധപ്പെട്ട പരിശോധനയ്ക്കായാണ് പൊലീസ് സംഘം യൂത്ത് ലീഗ് പ്രവർത്തകനായ തിരുവള്ളൂർ സിദ്ദീഖിന്റെ വീട്ടിലെത്തിയത്. എന്നാൽ, കൈക്കുഞ്ഞുമായി കിടക്കുകയായിരുന്ന സിദ്ദീഖിന്റെ ഭാര്യ അസ്മിറയുടെ മുറിയിൽ ഉൾപ്പെടെ കയറി പൊലീസ് അതിക്രമം കാട്ടിയെന്നാണ് പരാതി.
വീട്ടുകാരുമായി പൊലീസ് വാക്കുതർക്കത്തിലേർപ്പെടുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ വലിയ പ്രതിഷേധമാണ് ഉയർന്നുവന്നത്. സംഭവദിവസം തന്നെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ സ്ഥലത്തെത്തി പൊലീസിനെതിരെ പ്രതിഷേധിച്ചിരുന്നു. പൊലീസ് നടപടിക്കെതിരെ അസ്മിറ വനിതാ കമ്മീഷൻ, ബാലാവകാശ കമ്മീഷൻ, ഡിജിപി എന്നിവർക്കും പരാതി നൽകിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ മനുഷ്യാവകാശ കമ്മീഷന്റെ അടിയന്തര ഇടപെടൽ ഉണ്ടായിരിക്കുന്നത്. കേസിൽ പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകൾ ഗൗരവമായി പരിശോധിക്കാനാണ് കമ്മീഷന്റെ തീരുമാനം.




