ദുബായ്: യുഎഇയുടെ മാനുഷിക സഹായ പദ്ധതിയായ ‘ഓപ്പറേഷൻ ചിവാൽറസ് നൈറ്റ് 3’ന്റെ ഭാഗമായി ഗാസയിലെ ദെയർ അൽ ബാലഹ് മേഖലയിൽ 300 ദമ്പതികളുടെ സമൂഹവിവാഹം സംഘടിപ്പിച്ചു. ഖലീഫ ബിൻ സയ്ദ് അൽ നഹ്യാന്റെ പിന്തുണയോടെ നടന്ന ഈ ചടങ്ങിൽ ഗാസയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വധൂവരന്മാർ പങ്കെടുത്തു.
ഏകദേശം 20,000ത്തിലധികം ആളുകൾ പങ്കെടുത്ത ചടങ്ങിൽ അന്താരാഷ്ട്ര സംഘടനകളുടെ പ്രതിനിധികളും സമൂഹ നേതാക്കളും സാന്നിധ്യം അറിയിച്ചു. പാരമ്പര്യ കലാപരിപാടികളും നവദമ്പതികൾക്കായുള്ള സമ്മാന വിതരണവും ചടങ്ങിന് പ്രത്യേക ഭംഗി നൽകി. യുദ്ധം മൂലം രൂപപ്പെട്ട മാനുഷിക പ്രതിസന്ധികൾക്കിടയിലും യുവാക്കൾക്ക് വിവാഹജീവിതം ആരംഭിക്കാൻ പിന്തുണ നൽകുക എന്ന ലക്ഷ്യത്തോടെയാണ് യുഎഇ ഈ പദ്ധതി നടപ്പിലാക്കിയത്.




